സേലത്ത് ഗർഭിണിയുടെയും രണ്ട് മക്കളുടെയും മൃതദേഹം കിണറ്റിൽ കണ്ടെത്തി
സേലം: സേലത്ത് 30കാരിയായ ഗർഭിണിയുടെയും രണ്ട് പെൺമക്കളുടെയും മൃതദേഹം കിണറ്റിൽ കണ്ടെത്തി. മാതമ്മാൾ, മക്കളായ മനോരഞ്ജിനി (7), നിതീശ്വരി (3) എന്നിവരാണ് മരിച്ചത്. ഭർത്താവുമായി വഴക്കിട്ടതിന് ശേഷം വീട് വിട്ടിറങ്ങിയ യുവതി, മക്കളെ കൊലപ്പെടുത്തി ജീവനൊടുക്കിയതാണെന്ന് നിഗമനം
വാഴപ്പാടിക്ക് സമീപം നെയ്യമലയിൽ കാർഷികാവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന കിണറ്റിലാണ് യുവതിയെയും മക്കളെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ഏഴു മാസം ഗർഭിണിയായിരുന്നു മാതമ്മാൾ. ഭർത്താവ് രവിയുമായി വഴക്കിട്ടാണ് ശനിയാഴ്ച മാതമ്മാൾ പെൺമക്കളോടൊപ്പം വീടുവിട്ടിറങ്ങിയത്. പിന്നീട് വീട്ടിൽ തിരിച്ചെത്തിയില്ല. ഭർത്താവും ബന്ധുക്കളും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ചൊവ്വാഴ്ച പുലർച്ചെയാണ് മൃതദേഹം പ്രദേശത്തെ കിണറ്റിൽ നിന്ന് കണ്ടെത്തിയത്.
വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ആറ്റൂർ സർക്കാർ ആശുപത്രിയിലേക്ക് അയച്ചു. ജീവനൊടുക്കും മുൻപ് യുവതി മക്കളെ കൊലപ്പെടുത്തി എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കേസെടുത്ത് അന്വേഷണം നടത്തി വരികയാണ്.