‘ഡിജിറ്റൽ അറസ്റ്റ്’; ഐഐടി ബോംബെ വിദ്യാർത്ഥിക്ക് 7 ലക്ഷം നഷ്ടപ്പെട്ടു
വെർച്വൽ അറസ്റ്റ് / ഡിജിറ്റൽ അറസ്റ്റ് എന്നിവയുമായി ബന്ധപ്പെട്ട് ഓരോ ദിവസവും തട്ടിപ്പിന് ഇരയാകുന്നവരുടെ എണ്ണം വർദ്ധിച്ചു വരികയാണ്. ഇത്തരം തട്ടിപ്പുകളെ കുറിച്ച് ആളുകൾ ജാഗ്രത പാലിക്കണമെന്നും ചതിക്കുഴികളിൽ വീഴരുതെന്നുമുള്ള തുടർച്ചയായ മുന്നറിയിപ്പുകൾ അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നുണ്ടെങ്കിലും ഇപ്പോഴും തട്ടിപ്പിന് ഇരയാകുന്നവരുടെ എണ്ണത്തിൽ കുറവൊന്നുമില്ല. കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്യപ്പെട്ട സംഭവത്തിൽ ബോംബെ ഐഐടിയിലെ ഒരു വിദ്യാർത്ഥിക്ക് നഷ്ടമായത് 7.29 ലക്ഷം രൂപ.
ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ ജീവനക്കാരനെന്ന വ്യാജേനെ വിളിച്ച ആളാണ് ഡിജിറ്റൽ അറസ്റ്റിൽ ആണെന്ന് വിദ്യാർത്ഥിയെ വിശ്വസിപ്പിച്ച് തട്ടിപ്പ് നടത്തിയത്. ഡിജിറ്റൽ അറസ്റ്റ്’ എന്നത് സൈബർ തട്ടിപ്പിന്‍റെ ഒരു പുതിയ രൂപമാണ്, അതിൽ തട്ടിപ്പുകാർ നിയമപാലകരോ സർക്കാർ ഏജൻസികളുടെ ഉദ്യോഗസ്ഥരോ ആയാണ് ഓഡിയോ / വീഡിയോ കോളുകളിലൂടെ ഇരകളെ ഭീഷണിപ്പെടുത്തുകയും പണം തട്ടിയെടുക്കുകയും ചെയ്യുന്നത്.
തട്ടിപ്പിന് ഇരയായ 25കാരനായ ഐഐടി വിദ്യാർത്ഥി ഈ വർഷം ജൂലൈയിലാണ് ഒരു അജ്ഞാത നമ്പറിൽ നിന്ന് ഒരു കോൾ ലഭിച്ചത്. ട്രായ് ജീവനക്കാരനെന്ന വ്യാജേന വിളിച്ചയാൾ തട്ടിപ്പിനിരയായ വിദ്യാർത്ഥിയുടെ മൊബൈൽ നമ്പറിനെതിരെ 17 നിയമ വിരുദ്ധ പ്രവർത്തനങ്ങളുടെ പരാതികൾ പോലീസിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് അറിയിച്ചു. നമ്പർ നിർജ്ജീവമാക്കുന്നത് തടയാൻ ഇരയോട് പോലീസിൽ നിന്ന് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് വാങ്ങണമെന്നും കൂടാതെ കേസ് സൈബർ ക്രൈം ബ്രാഞ്ചിലേക്ക് കൈമാറുകയാണെന്നും വിദ്യാര്‍ത്ഥിയെ വിശ്വസിപ്പിച്ചു.
തുടർന്ന് വാട്സ്ആപ്പ് വീഡിയോ കോളിൽ പോലീസ് ഓഫീസറുടെ വേഷം ധരിച്ച ഒരാൾ വിദ്യാർത്ഥിയെ വിളിച്ചു. ഇയാൾ വിദ്യാർത്ഥിയോട് ആധാർ നമ്പർ ആവശ്യപ്പെടുകയും വിദ്യാർത്ഥി കള്ളപ്പണം വെളുപ്പിക്കുന്നതിൽ പങ്കാളിയാണെന്ന് ആരോപിക്കുകയും ചെയ്തു. തുടർന്ന് ഡിജിറ്റൽ അറസ്റ്റിൽ ആക്കിയെന്നും ഇനി ആരുമായും ബന്ധപ്പെടാൻ ശ്രമിക്കരുതെന്നും പറഞ്ഞു ഭീഷണിപ്പെടുത്തി. കൂടാതെ യൂണിഫൈഡ് പേയ്‌മെന്‍റ് ഇന്‍റർഫേസ് (യുപിഐ) വഴി 29,500 രൂപ കൈമാറാൻ ഇയാൾ വിദ്യാർത്ഥിയോട് ആവശ്യപ്പട്ടു.
തൊട്ടടുത്ത ദിവസം തട്ടിപ്പ് സംഘം വിദ്യാർത്ഥിയെ വീണ്ടും വിളിക്കുകയും അയാളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു. ഇതിന് പിന്നാലെ തട്ടിപ്പ് സംഘം വിദ്യാർത്ഥിയുടെ അക്കൗണ്ടിൽ നിന്ന് 7 ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു. അക്കൌണ്ടില്‍ നിന്നും കൂടുതല്‍ പണം നഷ്ടപ്പെട്ടെന്ന് മനസിലായപ്പോഴാണ് താൻ തട്ടിപ്പിന് ഇരയായതായി വിദ്യാര്‍ത്ഥിക്ക് മനസ്സിലായത്. തുടർന്ന് ഇയാൾ പോലീസില്‍ പരാതി നല്‍കിയപ്പോഴാണ് സംഭവം പുറത്ത് വന്നത്.