‘കൈയില്‍ റിമോട്ട് ഉണ്ടല്ലോ, വേണ്ടെന്ന് തോന്നുന്നത് കാണാതെയിരിക്കുക’; സീരിയല്‍ ചര്‍ച്ചയില്‍ സീമ ജി നായര്‍
സീരിയല്‍ മേഖലയില്‍ സെന്‍സറിംഗ് കൊണ്ടുവരേണ്ടതിന്‍റെ ആവശ്യകത വ്യക്തമാക്കിക്കൊണ്ടുള്ള സംസ്ഥാന വനിതാ കമ്മിഷന്‍റെ പഠന റിപ്പോര്‍ട്ട് വലിയ ചര്‍ച്ചകളാണ് സൃഷ്‍ടിച്ചിരിക്കുന്നത്. ഇതിനോടുള്ള പ്രതികരണമെന്ന നിലയില്‍ നടനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ പ്രേംകുമാറിന്‍റെ പരാമര്‍ശവും വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. സീരിയലുകള്‍ എന്‍ഡോസള്‍ഫാന്‍ പോലെ മാരകമാണെന്നായിരുന്നു പ്രേംകുമാറിന്‍റെ പ്രതികരണം. ഇപ്പോഴിതാ സീരിയല്‍ സംബന്ധമായ ചര്‍ച്ചകളില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടി സീമ ജി നായര്‍.
‘കഴിഞ്ഞ കുറെ ദിവസമായി സീരിയലിന്റെ പേരില്‍ കുറച്ചു വിഷയങ്ങള്‍ വന്നു കൊണ്ടേയിരിക്കുന്നു. സീരിയല്‍ ആണ് കേരളത്തിലെ ഏറ്റവും വലിയ പ്രശ്‌നം. സീരിയല്‍ കാരണം ഇവിടെ എന്തൊക്കെയോ സംഭവിക്കുന്നു. സത്യത്തില്‍ മനസിലാകാത്ത ചില ചോദ്യങ്ങള്‍ മനസ്സില്‍. ഇവിടെ നടക്കുന്നത് ചീഞ്ഞ രാഷ്ട്രീയ കളികള്‍. കഴിഞ്ഞ ദിവസങ്ങളില്‍ എല്ലാവരും അത് കണ്ടതാണ്. ഇനി കാണാന്‍ പോകുന്നതും അതാണ്. അതിലും എത്രയോ ഭേദമാണ് സീരിയല്‍.
സോഷ്യല്‍ മീഡിയ എന്ന പ്ലാറ്റ്ഫോമില്‍ നടക്കുന്നത് എന്തൊക്കെയാണ്. അതിലും ഭേദമാണ് സീരിയല്‍. നമ്മുടെ കൈയ്യിലാണ് റിമോട്ട് ഉള്ളത്. വേണ്ടെന്ന് തോന്നുന്നത് കാണാതിരിക്കുക. പിന്നെ സീരിയല്‍ കണ്ടിട്ട് ഇതുപോലെ ചെയ്യുന്നെന്ന് ആരും പറഞ്ഞു കേട്ടിട്ടില്ല. അതുമാത്രവുമല്ല 10 നും 25 നും മദ്ധ്യേ ഉള്ള തൊണ്ണൂറു ശതമാനം ആളുകളും ഇത് കാണാറില്ല. അവര്‍ക്ക് ക്രിക്കറ്റും ഫുട്ബാളും കൊറിയന്‍ ചാനലും കൊറിയന്‍ പടങ്ങളും ഇംഗ്ലീഷ് ചാനലുകളും ഇംഗ്ലീഷ് പടങ്ങളുമൊക്കെയുണ്ട്
പല വീടുകളില്‍ ചെല്ലുമ്പോളും പ്രായം ചെന്നവര്‍ പറഞ്ഞു കേട്ടിട്ടുണ്ട്. മക്കളും മരുമക്കളും കൊച്ചുമക്കളും പോയാല്‍ കൂട്ട് ഈ സീരിയല്‍ ഒക്കെ ആണെന്ന്. അവരുടെ ഏകാന്തതയിലെ കൂട്ട്. പിന്നെ കുട്ടികള്‍ ചീത്തയായി പോകുന്നുവെങ്കില്‍ ആദ്യം മൊബൈല്‍ ഫോണ്‍ ഉപയോഗം കുറയ്ക്കുക എന്നുള്ളതാണ്. അധികാരം കൈയില്‍ കിട്ടുമ്പോള്‍ പഴി ചാരുന്ന ചില കൂട്ടര്‍ ഉണ്ട്. അവര്‍ക്ക് ഞാന്‍ മുകളില്‍ പറഞ്ഞ കുറച്ചു കാര്യങ്ങള്‍ കേരളത്തില്‍ നിരോധിക്കാന്‍ പറ്റുമോ? അത് ആദ്യം നടക്കട്ടെ’, സീമ ജി നായര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.