പ്രിയങ്ക ഗാന്ധി 30 ന് കേരളത്തിലെത്തും; സന്ദർശനം രണ്ട് ദിവസത്തേക്ക്, വയനാടിന് വേണ്ടി പോരാട്ടം തുടരും
ദില്ലി: നിയുക്ത വയനാട് എംപി പ്രിയങ്ക ഗാന്ധി 30 ന് കേരളത്തിലെത്തും. രണ്ട് ദിവസത്തേക്കാണ് പ്രിയങ്ക ഗാന്ധിയുടെ കേരള സന്ദർശനം. പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ വയനാടിന് വേണ്ടി പോരാട്ടം തുടരുമെന്ന് ടി സിദ്ധിഖ് എംഎൽഎ പറഞ്ഞു. രാഹുൽ ഗാന്ധി തുടങ്ങിവെച്ച ശ്രമങ്ങൾ പ്രിയങ്ക ഗാന്ധിയും തുടരും. പാർലമെൻ്റ് അകത്തും പുറത്തും വയനാടിനായി പോരാട്ടം തുടരുമെന്നും ടി സിദ്ധിഖ് എംഎൽഎ കൂട്ടിച്ചേര്‍ത്തു.
അതേസമയം, കേന്ദ്ര – സംസ്ഥാന സർക്കാരുകളെ രൂക്ഷമായി വിമർശിച്ച് വയനാട്ടിൽ നിന്നുള്ള കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി. ചൂരൽമല മുണ്ടക്കൈ ഉരുൾപൊട്ടൽ ഇരകൾക്കായി കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ഒന്നും ചെയ്യുന്നില്ലെന്നാണ് വിമര്‍ശനം. ദുരിതാശ്വാസ പ്രവർത്തനങ്ങൾ മുന്നോട്ടുപോകുന്നത് സന്നദ്ധപ്രവർത്തകരാലും സംഘടനകളാലുമാണ്. സ്പോൺസർമാരുടെ യോഗം വിളിക്കാൻ സർക്കാർ തയ്യാറായിട്ടില്ല. കേന്ദ്രസർക്കാർ സാങ്കേതിക കാരണങ്ങൾ പറയുന്നു. വയനാടിന് പ്രത്യേക പാക്കേജാണ് ആവശ്യമെന്നും കോൺഗ്രസ് നേതാക്കൾ കൂട്ടിച്ചേര്‍ത്തു.