കടലില്‍ ‘ചാടി’ കാട്ടുപന്നി, കരയിലെത്തിയപ്പോൾ കടല്‍ഭിത്തിയില്‍ കുടുങ്ങി, പയ്യോളി കടപ്പുറത്ത് അസാധാരണ സംഭവങ്ങൾ
കോഴിക്കോട്: കടലില്‍ നീന്തിത്തുടിച്ച് ക്ഷീണിച്ച് കരയില്‍ കയറിയ കാട്ടുപന്നി കല്ലുകള്‍ക്കിടയില്‍ കുടുങ്ങി. പയ്യോളി അയനിക്കാട് കടല്‍തീരത്താണ് കഴിഞ്ഞ ദിവസം ഏവരിലും കൗതുകമുളവാക്കിയ സംഭവങ്ങള്‍ നടന്നത്. പയ്യോളി മേഖലയിൽ അപൂര്‍വമായി മാത്രം ജനവാസ മേഖലകളില്‍ എത്താറുള്ള കാട്ടുപന്നി കടലില്‍ ഇറങ്ങിയതാണ് ജനങ്ങളില്‍ കൗതുകമുണര്‍ത്തിയത്. കഴിഞ്ഞ ദിവസം പകല്‍ ഒരുമണിയോടെയാണ് സംഭവം.
കടലില്‍ നീന്തിത്തളര്‍ന്ന അവശനായ പന്നിയെ ഉച്ചയ്ക്ക് കടപ്പുറത്ത് എത്തിയ മത്സ്യ തൊഴിലാളി തൈവളപ്പില്‍ ടിവി കൃഷ്ണനാണ് കണ്ടത്. മണല്‍ത്തിട്ട ഇല്ലാത്തത് കാരണം കാട്ടുപന്നി കടല്‍ഭിത്തിക്കായി നിക്ഷേപിച്ച കരിങ്കല്ലുകള്‍ക്കിടയിലേക്ക് കയറിയാതാണെന്നാണ് സൂചന. അവശനായ പന്നി കല്ലുകള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്ന അവസ്ഥയിലായിരുന്നു ഉണ്ടായിരുന്നത്.
നാട്ടുകാർ വിവരം അറിയിച്ചതിനെ തുടര്‍ന്ന് നഗരസഭ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ടിപി പ്രജീഷ് കുമാര്‍, സെക്ഷന്‍ ഫോറസ്റ്റ് അസിസ്റ്റന്റ് സി അനൂപ് എന്നിവര്‍ സ്ഥലത്തെത്തി. ആരോഗ്യവാനല്ലാത്തതിനാല്‍ പന്നിയെ നിരീക്ഷണത്തില്‍ വെക്കാനും പിന്നീട് വനംവകുപ്പുമായി ബന്ധപ്പെട്ട് വനത്തില്‍ എത്തിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും പ്രജീഷ് കുമാര്‍ പറഞ്ഞു.