ഒറ്റ ദിവസം എയർപോർട്ടിൽ രണ്ട് തവണ വിമാനങ്ങൾ കൂട്ടിയിടിച്ചു; സർവീസ് റദ്ദാക്കിയതോടെ വലഞ്ഞ് യാത്രക്കാർ
ലണ്ടന്‍: ഒരു ദിവസത്തിനിടെ വിമാനത്താവളത്തില്‍ വിമാനങ്ങള്‍ കൂട്ടിയിടിച്ചത് രണ്ടു തവണ. അമേരിക്കയിലെ ബോസ്റ്റണിലെ ലോഗന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം ഉണ്ടായത്. രണ്ടു തവണയാണ് ഇവിടെ ഒരു ദിവസത്തില്‍ തന്നെ വിമാനങ്ങള്‍ കൂട്ടിയിടിച്ചത്.
ആദ്യത്തെ സംഭവം നടന്നത് തിങ്കളാഴ്ച ഉച്ചകഴിഞ്ഞാണ്. അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനം, 200 യാത്രക്കാരുമായി ഗേറ്റ് കടക്കാന്‍ കാത്ത് നിന്ന ഫ്രണ്ടിയര്‍ എയര്‍ലൈന്‍സ് വിമാനത്തിന്‍റെ ചിറകില്‍ ഇടിക്കുകയായിരുന്നു. ലണ്ടനില്‍ നിന്ന് ലാന്‍ഡ് ചെയ്തതാണ് അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനം. ഇതേ തുടര്‍ന്ന് എല്ലാ യാത്രക്കാരെയും ഉടന്‍ തന്നെ വിമാനത്തില്‍ നിന്ന് ഇറക്കി. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.
വിമാനം ഉടന്‍ തന്നെ പരിശോധനക്ക് വിധേയമാക്കിയതായി അമേരിക്കന്‍ എയര്‍ലൈന്‍സ് വക്താവ് പ്രസ്താവനയില്‍ പറഞ്ഞു. യാത്രക്കാര്‍ക്കുണ്ടായ അസൗകര്യത്തില്‍ എയര്‍ലൈന്‍ ഖേദം പ്രകടിപ്പിച്ചു. ഫ്രണ്ടിയര്‍ എയര്‍ലൈന്‍സ് വിമാനത്തിലെ യാത്രക്കാര്‍ക്കോ ജീവനക്കാര്‍ക്കോ പരിക്കേറ്റിട്ടില്ലെന്ന് എയര്‍ലൈന്‍ വക്താവ് പറഞ്ഞു. വിമാനം റദ്ദാക്കിയതോടെ യാത്രക്കാര്‍ ബുദ്ധിമുട്ടിലായി. ടെക്സാസിലേക്കുള്ള 200 യാത്രക്കാര്‍ക്കും ടിക്കറ്റ് റീബുക്കിങിന് അവസരം നൽകി. സംഭവത്തില്‍ ഉള്‍പ്പെട്ട എല്ലാ യാത്രക്കാര്‍ക്കും ഫ്രണ്ടിയര്‍ എയര്‍ലൈന്‍സ് 100 ഡോളര്‍ ഭാവിയില്‍ യാത്രക്ക് ഉപയോഗിക്കാവുന്ന ക്രെഡിറ്റ് പോയിന്‍റ് നല്‍കിയതായി വക്താവ് കൂട്ടിച്ചേര്‍ത്തു. യാത്രക്കാര്‍ക്ക് റീബുക്കിങിനോ റീഫണ്ടിനോ അവസരമുണ്ടെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.
എയര്‍ ട്രാഫിക് കണ്‍ട്രോളിന്‍റെ പരിധിയില്‍ വരുന്ന സ്ഥലത്തെ വെച്ചല്ല കൂട്ടിയിടി ഉണ്ടായതെന്ന് അധികൃതര്‍ പ്രതികരിച്ചു. ഇതേ ദിവസം തന്നെ യാത്രക്കാരില്ലാത്ത ഒരു ജെറ്റ്ബ്ലൂ വിമാനം വലിച്ചുകൊണ്ടുപോയ ടഗ് വാഹനം, നാന്‍റക്കറ്റില്‍ നിന്ന് അപ്പോള്‍ ലാന്‍ഡ് ചെയ്ത കേപ് എയര്‍ പ്ലെയിനുമായി കൂട്ടിയിടിച്ചു. കേപ് എയര്‍ വിമാനത്തില്‍ രണ്ട് പൈലറ്റുമാരും മൂന്ന് യാത്രക്കാരുമാണ് ഉണ്ടായിരുന്നത്. ഇവരെ ആശുപതിയിലെത്തിച്ച് ചികിത്സ നല്‍കി. അധികം വൈകാതെ തന്നെ ചികിത്സക്ക് ശേഷം ഇവരെ വിട്ടയയ്ക്കുകയും ചെയ്തു. ജെറ്റ്ബ്ലൂ ജീവനക്കാരില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് എയര്‍ലൈന്‍ പ്രസ്താവനയില്‍ അറിയിച്ചു. സംഭവത്തിന് ശേഷം വിമാനം പരിശോധിച്ചെന്നും അന്വേഷണം ആരംഭിച്ചതായും ജെറ്റ്ബ്ലൂ അറിയിച്ചു. രണ്ട് സംഭവങ്ങളും ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന്‍ അന്വേഷിക്കുകയാണ്.