പിടിച്ചുപറിക്കാർക്കായി പരിശോധന, പിടിയിലായത് ആയുധക്കടത്തുകാരായ സഹോദരങ്ങൾ
ബെംഗളൂരു: കടത്തിക്കൊണ്ടുവന്ന അനധികൃത ആയുധങ്ങളുമായി സഹോദരന്മാർ പിടിയിൽ. ബെംഗളൂരുവിൽ വച്ചാണ് ബീഹാർ സ്വദേശികളായ സഹോദരന്മാർ പിടിയിലായത്. ഇവർ സഞ്ചരിച്ച ബൈക്കിൽ നിന്ന് തിരകളും പിസ്റ്റളുകളും പൊലീസ് കണ്ടെത്തി. 32കാരനായ വിദ്യാനന്ദ് സഹനിയും ഇയാളുടെ മുതിർന്ന സഹോദരനും 41കാരനുമായ പ്രേം കുമാർ സഹനിയുമാണ് അറസ്റ്റിലായിട്ടുള്ളത്. ബീഹാറിലെ ബേഗുസാരായി ജില്ലയിലെ കുംബി ഗ്രാമത്തിൽ നിന്നുള്ളവരാണ് അറസ്റ്റിലായത്.
ബെംഗളൂരുവിലെ എലനഹള്ളിയിലെ ബേഗൂർ കൊപ്പ റോഡിൽ നടന്ന പരിശോധനയിലാണ് ബൈക്കിൽ ആയുധവുമായി എത്തിയ സഹോദരന്മാർ പിടിയിലായത്. ഹാരോഹള്ളിയിലെ കെട്ടിട നിർമ്മാണ സൈറ്റിലെ തൊഴിലാളികളായ ഇവർ താമസിച്ച ഇടത്ത് നിന്നും ആയുധം കണ്ടെത്തിയിട്ടുണ്ട്. ഇരു ചക്രവാഹനങ്ങളിലെത്തി സ്വർണവും പണവും മോഷ്ടിക്കുന്ന പിടിച്ചുപറിക്കാരെ പിടികൂടാനായുള്ള പരിശോധനയ്ക്കിടയിലാണ് ഇവർ പിടിയിലായത്.
ബൈക്കിൽ പിന്നിലിരുന്നയാളുടെ ബാഗിലായിരുന്നു തോക്കുണ്ടായിരുന്നത്. ബാഗിലെന്താണെന്ന് വാഹന പരിശോധനയ്ക്കിടെ പൊലീസ് ചോദിച്ചതോടെ പരുങ്ങിയ ഇവർ രക്ഷപ്പെടാൻ ശ്രമിച്ചതോടെ പൊലീസ് പിടികൂടുകയായിരുന്നു. ബാഗ് പരിശോധിച്ചപ്പോഴാണ് തോക്കുകളും തിരകളും കണ്ടെത്തിയത്. ഇറ്റലിയിൽ നിർമ്മിച്ചതെന്നാണ് കണ്ടെടുത്ത തോക്കുകളിലൊന്നിൽ മാർക്ക് ചെയ്തിട്ടുള്ളത്. രണ്ടാമത്തെ തോക്ക് പ്രാദേശികമായി നിർമ്മിച്ചതെന്നാണ് പൊലീസ് വിശദമാക്കുന്നത്.
വിദ്യാനന്ദ് വിവിധ കേസുകളിൽ ഇതിന് മുൻപും പൊലീസ് പിടികൂടിയിട്ടുള്ളയാളാണ്. 2018ൽ ബെംഗളൂരുവിലേക്ക് എത്തിയ പ്രേംകുമാർ ഇത് ആദ്യമായാണ് സഹോദരന്റെ ആയുധ കള്ളക്കടത്തിൽ പങ്ക് ചേരുന്നതും പിടിയിലാവുന്നതും. ഇവരിൽ നിന്ന് നിരവധി പാൻ നമ്പറുകളും ആധാർ കാർഡുകളും ഡെബിറ്റ് കാർഡുകളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. വിദ്യാനന്ദിന്റെ അഞ്ച് വയസുള്ള മകൻ പിസ്റ്റളുകൾ പിടിച്ച് നിൽക്കുന്ന ചിത്രങ്ങളും ഇയാളുടെ ഫോണിൽ നിന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.