പച്ചക്കറി കടയിൽ എംഡിഎംഎ കച്ചവടം; കൊല്ലത്ത് കോണ്‍ഗ്രസ് നേതാവ് പിടിയിലായ കേസിൽ മൂന്നാം പ്രതിയെ തേടി പൊലീസ്
കൊല്ലം: കൊല്ലം അഞ്ചലിൽ 84 ഗ്രാം എംഡിഎംഎയുമായി കോൺഗ്രസ് നേതാവ് അടക്കം 2 പേർ പിടിയിലായ കേസിൽ മൂന്നാം പ്രതിക്കായി അന്വേഷണം തുടരുന്നു. വിൽപനയ്ക്കായി ബംഗളൂരുവിൽ നിന്നും എംഡിഎംഎ എത്തിച്ചു നൽകിയ പ്രദീപാണ് ഒളിവിൽ കഴിയുന്നത്. എംഡിഎംഎ മയക്കുമരുന്ന് വിതരണം ചെയ്യുന്ന സംഘത്തിലുള്ളയാളാണ് ഇയാളെന്നാണ് പൊലീസ് സംശയിക്കുന്നത്.
ഇന്നലെ ഉച്ചയ്ക്കാണ് അഞ്ചൽ സ്വദേശിയും കോൺഗ്രസ് പ്രാദേശിക നേതാവുമായ കോട്ടവിള ഷിജുവിനെ 4 ഗ്രാം എംഡിഎംഎംഎ യുമായി പിടികൂടിയത്. ഷിജുവിന്‍റെ ഓട്ടോറിക്ഷയിൽ നിന്നാണ് എംഡിഎംഎ കണ്ടെടുത്തത്. വിശദമായ ചോദ്യം ചെയ്യലിൽ കൂട്ടാളിയായ സാജന്‍റെ വീട്ടിൽ കൂടുതൽ എംഡിഎംഎ ഒളിപ്പിച്ചിട്ടുണ്ടെന്ന വിവിരം ഷിജു വെളിപ്പെടുത്തി.
രാത്രിയോടെ ഏറം സ്വദേശിയായ സാജന്‍റെ വീട്ടിൽ നിന്നും 80 ഗ്രാം എംഡിഎംഎ റൂറൽ ഡാൻസാഫ് ടീമും അഞ്ചൽ പൊലീസും ചേർന്ന് പിടിച്ചെടുത്തു. പച്ചക്കറി കടയുടെ മറവിൽ ആണ് ഷിജുവുമായി ചേർന്ന് സാജൻ ലഹരിമരുന്ന് കച്ചവടം നടത്തി വന്നിരുന്നത്. രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ പൊലീസ് പ്രതികളെ നിരീക്ഷിച്ചു വരികയായിരുന്നു. അഞ്ചൽ സ്വദേശിയായ പ്രദീപാണ് ബംഗളൂരുവിൽ നിന്ന് എം.ഡി.എം.എ എത്തിച്ചു നൽകിയതെന്ന് പ്രതികൾ മൊഴി നൽകി. ഒളിവിലുള്ള പ്രദീപിനായി പൊലീസ് അന്വേഷണം തുടരുകയാണ്. സ്കൂൾ കോളേജ് വിദ്യാർത്ഥികളെ കേന്ദ്രീകരിച്ചാണ് പ്രതികൾ എംഡിഎംഎ വിൽപന നടത്തിവന്നതെന്നും പൊലീസ് വ്യക്തമാക്കി.