Uncategorized

സർക്കാർ നിലപാടെന്ത്? നവീൻ ബാബുവിന്‍റെ മരണത്തിൽ സിബിഐ അന്വേഷണം വരുമോ? ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

കൊച്ചി: കണ്ണൂർ എ ഡി എം ആയിരുന്ന നവീൻ ബാബുവിന്‍റെ മരണത്തിൽ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടുളള ഭാര്യ മഞ്ജുഷയുടെ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റീസ് ബെച്ചു കുര്യൻ തോമസിന്‍റെ ബെഞ്ച് നാൽപ്പത്തിയൊന്നാമതായിട്ടാണ് ഹർജി ലിസ്റ്റ് ചെയ്തിരിക്കുന്നത്. നവീൻ ബാബുവിന്‍റെ ഭാര്യ മഞ്ജുഷയാണ് ഹർജിക്കാരി. പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്നും നീതി ലഭിക്കുമെന്ന പ്രതീക്ഷയില്ലെന്നും നവീന്‍റെ മരണം കൊലപാതകമാണോയെന്ന സംശയമുണ്ടെന്നതടക്കമുള്ള കാര്യങ്ങൾ ചൂണ്ടികാട്ടിയാണ് മഞ്ജുഷ ഹൈക്കോടതിയിൽ ഇന്നലെ ഹർജി സമർപ്പിച്ചത്.

നവീന്‍റെ കുടുംബത്തിനൊപ്പമാണെന്ന് പരസ്യമായി പ്രഖ്യാപിച്ചിട്ടുള്ള സംസ്ഥാന സർക്കാറും മുഖ്യമന്ത്രിയും സി പി എമ്മും ഇക്കാര്യത്തിൽ എന്ത് നിലപാട് സ്വീകരിക്കുമെന്നതാണ് കണ്ടറിയേണ്ടത്. സർക്കാർ സി ബി ഐ അന്വേഷണം ശരിവച്ചാൽ കാര്യങ്ങൾ എളുപ്പമാകും. അല്ലാത്ത പക്ഷേ ‘നവീന്‍റെ കുടുംബത്തിനൊപ്പം’ എന്ന നിലപാട് വലിയ തോതിൽ ചോദ്യം ചെയ്യപ്പെടുമെന്നും ഉറപ്പാണ്.

മഞ്ജുഷയുടെ ഹർജിയിലെ വിശദാംശങ്ങൾ

നവീൻ ബാബുവിന്‍റെ ഭാര്യയും തഹസിൽദാരുമായ കെ മഞ്ജുഷ നൽകിയ ഹർജിയിൽ നവീൻ ബാബുവിനെ കൊലപ്പെടുത്തി കെട്ടിത്തൂക്കിയാതാണോയെന്ന് സംശയിക്കുന്നതായി കുടുംബം ചൂണ്ടികാട്ടിയിട്ടുണ്ട്. എ ഡി എമ്മിന്‍റെ യാത്രയയപ്പ് ചടങ്ങിൽ ക്ഷണിക്കപ്പെടാതെയാണ് ക്യാമറാമാനേയും കൂട്ടി ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റായിരുന്ന പി പി ദിവ്യ എത്തിയത്. പ്രസംഗത്തിൽ നവീൻ ബാബുവിനെ മോശക്കാരനാക്കി ചിത്രീകരിച്ച് പുറംലോകത്ത് പ്രചരിപ്പിച്ചത് മനഃപൂർവമാണ്. മരണത്തിനുശേഷവും പ്രതിയായ ദിവ്യയും മറ്റും നവീൻ ബാബുവിനെ വേട്ടയാടുന്നത് തുടരുകയാണ്. കൈക്കൂലിയുടെ പേരിൽ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയ പരാതി പോലും വ്യാജമാണ്. എ ഡി എമ്മിന്‍റെ മരണത്തിന് ശേഷമാണ് തങ്ങളുടെ സംശയങ്ങൾ വർധിച്ചത്. യാത്രയയപ്പ് ചടങ്ങിന് ശേഷം നവീൻ ബാബുവിനെ കണ്ടവർ ആരൊക്കെയെന്നതിൽ വിശദമായ അന്വേഷണം വേണം. കളക്ട്രേറ്റിലേയും റെയിൽവേ സ്റ്റേഷനിലേയും ക്യാർട്ടേഴ്സിലേയും സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ച് വ്യക്തത വരുത്തണം. ആത്മഹത്യയെന്ന പൊലീസ് നിഗമനം തങ്ങൾ വിശ്വസിക്കുന്നില്ല. കൊന്നുകെട്ടിത്തൂക്കിയതാണോയെന്ന് സംശയിക്കുന്നു. എ ഡി എമ്മിന്‍റെ മരണത്തിന് ശേഷം രൂപീകരിച്ച പ്രത്യേക പൊലീസ് സംഘത്തിന് നാളിതുവരെ അന്വേഷണത്തിൽ കാര്യമായ യാതൊരു പുരോഗതിയും ഉണ്ടാക്കാനായില്ല. സി സി ടിവി അടക്കമുളള ശാസ്ത്രീയ തെളിവുകൾ പോലും സമാഹരിക്കുന്നില്ല. യഥാർഥ തെളിവുകൾ മറച്ചുപിടിക്കാനും പ്രതിയെ രക്ഷിക്കാനുളള വ്യജതെളിവുകളുണ്ടാക്കാനുമാണ് അന്വേഷണസംഘത്തിന് വ്യഗ്രതയെന്നും സംശയിക്കുന്നു. മരണത്തിനുശേഷമുളള ഇൻക്വസ്റ്റ് അടക്കമുളള തുടർനടപടികളിലെ വീഴ്ചയും മനപൂ‍ർവമാണെന്ന് കരുതേണ്ടിയിരിക്കുന്നു. അടുത്ത ബന്ധുവിന്‍റെ സാന്നിധ്യം പോലുമില്ലാതെ പൂർത്തിയാക്കിയ നടപടിക്രമങ്ങൾ കൊലപാതകം മറച്ചുവയ്ക്കാനായിരുന്നോയെന്നും സംശയമുണ്ട്. അതുകൊണ്ടുതന്നെ നവീൻ ബാബുവിന്‍റെ മരണത്തിൽ സത്യാവസ്ഥ പുറത്തുകൊണ്ടുവരാനും മുഴുവൻ പ്രതികളേയും നിയമത്തിനുമുന്നിൽ എത്തിക്കാനും സി ബി ഐ അന്വേഷണം തന്നെ വേണമെന്നാണ് ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button