Uncategorized

ഭരണഘടന അവകാശങ്ങളുടെ കാവലാളാണെന്ന് രാഷ്ട്രപതി; ഭരണഘടനയുടെ 75ാം വാർഷികാഘോഷനിറവിൽ രാജ്യം

ദില്ലി: അവകാശങ്ങളുടെ കാവലാളാണ് ഭരണഘടനയെന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു. ഇന്ത്യൻ ഭരണഘടനയുടെ 75ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി പാര്‍ലമെന്‍റ് മന്ദിരത്തിലെ സെന്‍ട്രല്‍ ഹാളിലെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു രാഷ്ട്രപതി. ഭരണഘടനാ ദിനാശംസകള്‍ നേര്‍ന്നുകൊണ്ടാണ് രാഷ്ട്രപതി സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ടുള്ള പ്രസംഗം ആരംഭിച്ചത്. രാജ്യത്തെ ഏറ്റവും പവിത്രമായ ഗ്രന്ഥമാണ് ഭരണഘടനയെന്നും ഭരണഘടന സാമൂഹിക രാഷട്രീയ മേഖലകളുടെ ആധാരശിലയാണെന്നും രാഷ്ട്രപതി പറഞ്ഞു.

അവകാശങ്ങളുടെ കാവലാളാണ് ഭരണഘടന. സമൂഹത്തിന്‍റെ നെടും തൂണാണ് ഭരണഘടന. ഭരണഘടനാ മൂല്യങ്ങൾ ഓരോ പൗരനും ഉയർത്തിപ്പിടിക്കണമെന്നും രാഷ്ട്രപതി ദ്രൗപതി മുര്‍മു പറഞ്ഞു.വനിത സംവരണ ബിൽ, ജി എസ് ടി തുടങ്ങിയ ഭരണനേട്ടങ്ങളും രാഷ്ട്രപതി പരാമര്‍ശിച്ചു. രാജ്യത്തെ ലോക ശ്രദ്ധയിലേക്കെത്തിക്കാൻ ഭരണഘടന ശിൽപ്പികൾ ദീർഘവീക്ഷണം പുലർത്തി. ഇന്ത്യ ഇന്ന് ലോക ബന്ധുവാണ്. പാർശ്വവത്ക്കരിക്കപ്പെട്ടവരുടെ നീതിയും ഭരണഘടന ഉറപ്പ് വരുത്തുന്നുവെന്നും രാഷ്ട്രപതി പറഞ്ഞു.

രാജ്യത്തിനിത് അഭിമാന നിമിഷമാണെന്ന് ലോക്സഭ സ്പീക്കര്‍ പറഞ്ഞു. ഭരണഘടന നൽകുന്ന സുരക്ഷിതത്വം താഴേതട്ടിൽ വരെ ഉറപ്പ് വരുത്തുന്നുവെന്നും വസുധൈവ കുടുംബകം  എന്ന ആശയത്തെ മുറുകെ പിടിക്കുന്നുവെന്നും ലോക്സഭ സ്പീക്കര്‍ പറഞ്ഞു. ഭരണഘടന സ്ഥാപനങ്ങളെ സംരക്ഷിക്കേണ്ട ബാധ്യത കൂടിയാണ് ഭരണഘടന ദിനം ഓർമ്മപ്പെടുത്തുന്നതെന്ന് ഉപരാഷ്ട്രപതി പറഞ്ഞു. അടിസ്ഥാന മൂല്യവും, അടിസ്ഥാന കർത്തവ്യവും ഭരണഘടന ഓർമ്മപ്പെടുത്തുന്നു. വനിത സംവരണ ബില്ലിലൂടെ ഭരണഘടന വിഭാവനം ചെയ്യുന്ന തുല്യത ഉറപ്പാക്കാനായെന്നും ഉപരാഷ്ട്രപതി പറഞ്ഞു.

പാര്‍ലമെന്‍റിലെത്തിയ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ പ്രധാനമന്ത്രിയും ലോക്സഭ, രാജ്യസഭ അധ്യക്ഷൻമാരും ചേര്‍ന്ന് സ്വീകരിച്ചു. ഇന്ത്യൻ ഭരണഘടനയുടെ 75ാം വാര്‍ഷികത്തിന്‍റെ സ്മാരക നാണയവും സ്റ്റാമ്പും രാഷ്ട്രപതി പുറത്തിറക്കി. സംയുക്ത സമ്മേളനത്തിൽ ഇന്ത്യ സഖ്യവും പങ്കെടുക്കുന്നുണ്ട്. രാഹുൽ ഗാന്ധിയേയും മല്ലികാർജ്ജുന ഖർഗെയേയും വേദിയിലിരുത്താമെന്ന് സർക്കാർ സമ്മതിച്ചതോടെ സഖ്യ നേതാക്കള്‍ സമ്മേളനത്തിൽ പങ്കെടുക്കാൻ തീരുമാനിച്ചത്. ഭരണഘടന വാര്‍ഷികാഘോഷത്തിന് ശേഷം ഇരുസഭകളും പിരിയും. വൈകുന്നേരം നാല് മണിക്ക് സുപ്രീംകോടതിയില്‍ നടക്കുന്ന ഭരണഘടന ദിനാഘോഷത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യാതിഥിയാകും.

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ അത്ഭുതമായ ഇന്ത്യൻ ഭരണഘടനയുടെ 75ാം വാര്‍ഷികം ആഘോഷ നിറവിലാണ് രാജ്യം. വിശ്വാസ വൈവിധ്യംകൊണ്ട് ആരെയും അത്ഭുതപ്പെടുത്തുന്ന ഇന്ത്യ എന്ന മഹാരാജ്യത്തെ ഒറ്റ കുടക്കീഴിൽ നിലനിർത്തുന്ന ശക്തിയായി ഭരണഘടന നിലകൊള്ളുന്നു. 1946 ഡിസംബർ 9 -ന് തുടങ്ങി, 2 വർഷവും 11മാസവും 17 ദിവസവും എടുത്താണ് നമ്മുടെ ഭരണഘടനയുടെ കരട് തയ്യാറാക്കിയത്.

പാർലമെന്‍റിന്‍റെ സെൻട്രൽ ഹാളിൽ 165 ദിവസങ്ങളിലായി നടന്ന ചർച്ചകളിൽ 2473 ഭേദഗതികളോടെ ഭരണഘടന അതിന്‍റെ അന്തിമ രൂപത്തിലേക്ക് മിനുക്കിയെഴുതി. ഇറ്റാലിയൻ കാലിഗ്രഫിയിൽ പ്രേം ബിഹാരി നാരായൺ റായിസാദയുടെ കൈപ്പടയിലായിരുന്നു അതിന്റെ ആദ്യ കോപ്പി. 51 ദിവസം തുടർച്ചയായി എഴുതി പൂർത്തീകരിച്ച ഈ കയ്യെഴുത്തു പ്രതിയുടെ പേജുകളിൽ ശാന്തിനികേതനിലെ പ്രൊഫസറായ നന്ദലാൽ ബോസും ശിഷ്യരും ചേർന്നാണ് അലങ്കാരപ്പണികൾ ചെയ്തത്.

ഇന്ത്യയെ ഒരു പരമാധികാര സ്ഥിതിസമത്വ മതനിരപേക്ഷ റിപ്പബ്ലിക്കായി വിഭാവനം ചെയ്യുന്നു” എന്ന് തുടങ്ങുന്ന ഭരണഘടനയുടെ ആമുഖം ഏറെ പ്രസിദ്ധമാണ്. മതത്തിന്റെയും ജാതിയുടെയും ഭാഷയുടേയും വൈവിധ്യങ്ങളെ ഉൾക്കൊണ്ടുകൊണ്ടുള്ള സങ്കല്പനമാണ് നമ്മുടെ ഭരണഘടനയുടെ ഏറ്റവും വലിയ ശക്തി. ഓരോ പൗരന്റെയും അവകാശങ്ങളെ ഉയർത്തിപ്പിടിക്കുന്നതോടൊപ്പം ഭരണഘടന നമ്മെ നമ്മുടെ ചുമതലകളെക്കുറിച്ചും ഓർമിപ്പിക്കുന്നു. നമ്മുടെ നിത്യജീവിതത്തിൽ പിടിമുറുക്കാൻ ശ്രമിക്കുന്ന ജനാധിപത്യ വിരുദ്ധ ശക്തികൾക്ക് മുന്നിൽ വെല്ലുവിളിയായി നിലനിൽക്കുന്ന ഒരേയൊരു ശക്തിയും ഇതേ ഭരണഘടന തന്നെ. എന്തുവിലകൊടുത്തും മൂല്യങ്ങളെ സംരക്ഷിക്കേണ്ടതുണ്ട് എന്ന ഓർമപ്പെടുത്തലാണ്, ഓരോ ഭരണഘടനാ ദിവസവും നമുക്ക് മുന്നിൽ വെക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button