ഓർക്കിഡ് പുഷ്പാലങ്കാരം പാടില്ല! ലിസ്റ്റിലുള്ള പൂക്കൾ ഉപയോഗിച്ചാൽ മതി: നിർദേശവുമായി ഹൈക്കോടതി
കൊച്ചി: ശബരിമലയിൽ ഓർക്കിഡ് പുഷ്പാലങ്കാരം പാടില്ലെന്ന് ഹൈക്കോടതി. സന്നിധാനത്ത് ലിസ്റ്റിലുള്ള പുഷ്പങ്ങളല്ലാതെ ഓർക്കിഡ് പുഷ്പാലങ്കാരം അനുവദിക്കാനാകില്ലെന്നാണ് ഹൈക്കോടതി നിർദേശം നൽകി.ഓരോ ദിവസവും പുഷ്പങ്ങൾ മാറ്റണം. ഓർക്കിഡ് അലങ്കാരം പാടില്ലെന്ന് ചൂണ്ടിക്കാട്ടിയ ഹൈക്കോടതി, ആചാരപരമായ കാര്യങ്ങൾ പരിപാലിക്കേണ്ടതുണ്ടെന്നും ഓർമിപ്പിച്ചു.
അപ്പം, അരവണ വിഷയത്തിൽ ഫുഡ് സേഫ്റ്റി അതോറിറ്റിയെ സ്വമേധയാ കക്ഷി ചേർത്ത സാഹചര്യത്തിൽ വിഷയം വീണ്ടും പരിഗണിക്കുമെന്ന് ഹൈക്കോടതി അറിയിച്ചു.ഡിസംബറിലാണ് ഇനി പരിഗണിക്കുക. അപ്പം-അരവണ നിർമാണത്തിൽ ഭക്ഷ്യസുരക്ഷാ മാനദണ്ഡം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയും ഡിസംബറിൽ പരിഗണിക്കും.
കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കൾ വിൽപ്പന നടത്തിയ കടകൾക്ക് പിഴ ചുമത്തിയതായി ഉദ്യോഗസ്ഥർ കോടതിയെ അറിയിച്ചിരുന്നു. വ്യാപര സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് പരിശോധന നടത്താൻ ഡ്യൂട്ടി മജിസ്ട്രേറ്റ്, ചീഫ് വിജിലൻസ് സെക്യൂരിറ്റി ഓഫീസർ എന്നിവർക്ക് ഹൈക്കോടതി നിർദേശം നൽകി. പരമ്പരാഗത ട്രെക്കിംഗ് പാതയിൽ ഭക്തർക്ക് സുരക്ഷ ഉറപ്പാക്കണമെന്നും ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ച് ഇടക്കാല ഉത്തരവിറക്കിയിട്ടുണ്ട്.