രണ്ട് തവണ മരിച്ച് ജീവിച്ച ബ്രിട്ടീഷ് എംപി ജോൺ സ്റ്റോൺഹൗസിന്റെ നിഗൂഢജീവിതം
ഒരു രാഷ്ട്രീയ നേതാവിന് തന്റെ രാഷ്ട്രീയ ജീവിതത്തില്‍ പലതും രഹസ്യമായി ഒളിപ്പിക്കേണ്ടിവരും. എന്നാല്‍, ജീവിതം തന്നെ നീഗൂഢത നിറഞ്ഞ ഒന്നായി നിലനിര്‍ത്താന്‍ കഴിയില്ല. പക്ഷേ, അതിനൊരു അപവാദമാണ് ബ്രിട്ടീഷ് എംപി ജോൺ സ്റ്റോൺഹൗസിന്റെ ജീവിതം. അദ്ദേഹം രണ്ട് തവണ മരിച്ചു. ആദ്യത്തെ സംഭവം 1974 നവംബർ 20 ന് യുഎസിലെ മിയാമി ബീച്ചില്‍ വച്ചായിരുന്നു. ബീച്ചില്‍ നിന്നും ഊരി വച്ച നിലയില്‍ ജോൺ സ്റ്റോൺഹൗസിന്റെ വസ്ത്രങ്ങള്‍ കണ്ടെത്തി. പിന്നാലെ അദ്ദേഹത്തെ കാണാതായതോടെ കടലിൽ നീന്തുന്നതിനിടെ സ്റ്റോൺഹൗസ് മുങ്ങിമരിച്ചുവെന്ന് എല്ലാവരും കരുതി. പക്ഷേ, എല്ലാവരും ഞെട്ടിയത് ഒരു മാസം കഴിഞ്ഞ് ക്രിസ്മസിന് തലേന്ന് ഓസ്ട്രേലിയയില്‍ വച്ച് ജോൺ സ്റ്റോൺഹൗസ് പിടിയിലായപ്പോഴാണ്. അതെ ഒളിച്ചോട്ടത്തെ കുറിച്ചുള്ള അദ്ദേഹത്തിന്റെ പദ്ധതിയെ കുറിച്ച് സ്വന്തം കുടുംബത്തിന് പോലും അറിയില്ലായിരുന്നു.
1957 -ലാണ് ജോണ്‍ ആദ്യമായി ലേബര്‍ പാർട്ടി എംപിയായി ബ്രീട്ടീഷ് പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. 1960 -കളുടെ അവസാനത്തിൽ, 43 -ാം വയസിലാണ് സ്റ്റോൺഹൗസ് പോസ്റ്റ് മാസ്റ്റർ ജനറലാകുന്നത്. 1965 ല്‍ ബ്രീട്ടീഷ് ഏവിയേഷന്‍ സഹമന്ത്രിയായി. പക്ഷേ, 1969-ൽ സ്റ്റോൺഹൗസ്, കമ്യൂണിസ്റ്റ് ചെക്കോസ്ലോവാക്യയുടെ ചാരനാണെന്ന് ആരോപണം ഉയർന്നു. പിന്നാലെ തന്റെ സെക്രട്ടറി ഷീല ബക്ക്ലിയുമായും ജോണിന് വിവാഹേതര ബന്ധമുണ്ടായിരുന്നതായി ആരോപണം ശക്തമായി. 1970 ലെ പൊതുതെരഞ്ഞെടുപ്പിൽ അദ്ദേഹം പ്രതിനിധീകരിച്ച ലേബർ പാർട്ടി പരാജയം നേരിട്ടു. 1974 ആയപ്പോഴേക്കും അദ്ദേഹത്തിന്റെ ജീവിതം അടിമുടി മാറി. പരാജയപ്പെട്ട ബിസിനസുകളെ തുടർന്ന് സാമ്പത്തിക സ്ഥിതിയും മോശമായിത്തുടങ്ങിയിരുന്നു.