തുടര്‍തോല്‍വികളില്‍ നിന്ന് രക്ഷപ്പെട്ട് ബ്ലാസ്റ്റേഴ്സ്; ഗോവയുമായുള്ള അടുത്ത മത്സരം വെല്ലുവിളി
ചെന്നൈയിന് എഫ്സിക്കെതിരെ മൂന്ന് ഗോളുകളുടെ ക്ലീന്‍ഷീറ്റ് വിജയത്തോടെ ഒടുവില്‍ തുടര്‍ത്തോല്‍വികളില്‍ നിന്ന് രക്ഷപ്പെട്ടിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. ഹോം ഗ്രൗണ്ടില്‍ മിന്നുന്ന വിജയം കണ്ടെത്താന്‍ കഴിഞ്ഞതില്‍ ആരാധകരും സന്തോഷത്തിലാണ്. ആദ്യപകുതിയില്‍ ഇരുടീമുകളും ഗോള്‍ നേടാതെ പിരിഞ്ഞപ്പോള്‍ മത്സരം സമനിലയിലേക്കായിരിക്കുമോ എന്ന തോന്നലുണ്ടായിരുന്നെങ്കിലും രണ്ടാംപകുതിയില്‍ ആ തോന്നലുകളെ മാറ്റിമറിക്കുന്ന തരത്തില്‍ കളിയെ വരുതിയിലാക്കാന്‍ കേരള ബ്ലാസ്റ്റേഴ്സിനായിരുന്നു. നോഹ സദോയ്, അഡ്രിയാന്‍ ലൂന എന്നിവരിലൂടെ നിരന്തരം ഗോളിലേക്ക് എത്താന്‍ ബ്ലാസ്റ്റേഴ്സ് ശ്രമിച്ചു കൊണ്ടിരുന്നപ്പോള്‍ വിജയമല്ലാതെ മറ്റൊന്നും കേരളം ആഗ്രഹിക്കുന്നില്ല എന്ന സൂചന കൂടിയായിരുന്നു അത്. രണ്ടാം പകുതിയില്‍ അഡ്രിയാന്‍ ലൂനയിലൂടെയാണ് കേരള ബ്ലാസ്റ്റേഴ്സ് സ്കോറിങിന് തുടക്കമിട്ടത്. തുടര്‍ന്ന് നോഹ സദോയിയും പിന്നാലെ മലയാളിതാരം കെപി രാഹുലും ഗോള്‍ കണ്ടെത്തി. കേരളത്തിന്റെ ആദ്യ ക്ലീന്‍ഷീറ്റ് വിജയം കൂടിയായിരുന്നു കൊച്ചിയിലേത്. തുടര്‍ച്ചായായി മൂന്ന് മത്സരങ്ങള്‍ തോറ്റതിന് ശേഷമായിരുന്നു ടീമിന്റെ തിരിച്ചുവരവ്. ഇന്നത്തെ മത്സരത്തിന് മുമ്പ് എട്ട് മത്സരങ്ങളില്‍ നിന്ന് രണ്ട് വിജയം എന്നതായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ സ്റ്റാറ്റസ്. പോയിന്റ് പട്ടികയില്‍ പത്താമതായിരുന്ന കേരളം ഇന്നത്തെ ജയത്തോടെ 11 പോയിന്റുമായി എട്ടിലേക്ക് ഉയര്‍ന്നിട്ടുണ്ട്. ഇന്നത്തെ മത്സരത്തിന് മുമ്പ് ചെന്നൈയിന് എഫ്സി നാലാമത് ആയിരുന്നെങ്കിലും ആറാം സ്ഥാനത്തേക്ക് താഴ്ന്നിട്ടുണ്ട്.