Uncategorized

നടതുറന്ന് 9 ദിവസം മാത്രം; റെക്കോർഡിട്ട് ശബരിമലയിലെ വരുമാനവും തീർത്ഥാടകരുടെ എണ്ണവും, കണക്കുമായി ദേവസ്വം ബോർഡ്

പത്തനംതിട്ട: ശബരിമലയിൽ തീർത്ഥാടകരുടെ എണ്ണത്തിലും വരുമാനത്തിലും വർധനവുണ്ടായതായി റിപ്പോർട്ട്. നടതുറന്ന് 9 ദിവസം പൂർത്തിയാകുമ്പോൾ കഴിഞ്ഞ വർഷത്തേക്കാള്‍ 3,03,501 തീർത്ഥാടകരാണ് അധികമായി എത്തിയത്. വരുമാനത്തിൽ 13,33,79,701 രൂപയുടെ വർധനയുമുണ്ടായെന്ന് ദേവസ്വം ബോർഡ് പിഎസ് പ്രശാന്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു. എത്രത്തോളം തീർത്ഥാടകർ എത്തിയാലും സ്പോർട്ട് ബുക്കിംഗ് വഴി ദർശനം നടത്താനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. ദേവസ്വം ബോർഡിൻെറ കാലദൈർഘ്യം കുറവായതിനാൽ പല വികസന പ്രവർത്തനങ്ങളും പൂർത്തിയാക്കുന്നതിൽ തടസ്സമുണ്ടെന്നും പിഎസ് പ്രശാന്ത് പറഞ്ഞു.

നേരത്തെ, ശബരിമലയിൽ ദർശനത്തിനായി വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്യുന്ന ഭക്തരിൽ 20 മുതൽ 25 ശതമാനം വരെ എത്താറില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. ദർശനത്തിന് വരുന്നില്ലെങ്കിൽ ബുക്കിംഗ് ക്യാൻസൽ ചെയ്യണമെന്നുള്ള നിർദേശം മാധ്യമങ്ങളിലൂടെ അടക്കം അറിയിപ്പായി നൽകണമെന്നും ഹൈക്കോടതി നിർദശിച്ചു. ശബരിമലയിൽ കാര്യങ്ങൾ പൂർണമായും നിയന്ത്രണ വിധേയമാണെന്നും ദേവസ്വം ബോർഡ് കോടതിയെ അറിയിച്ചു. ‌‌

നിലക്കൽ -പമ്പാ റൂട്ടിൽ 122 കെഎസ്ആർടിസി ചെയിൻ സർവീസ് ബസുകൾ സർവീസ് നടത്തി വരികയാണ്. സീതത്തോട് നിലയ്ക്കൽ കുടിവെള്ള പദ്ധതിയുടെ പൈപ്പിടൽ ഒരാഴ്ചയ്ക്കകം പൂർത്തിയാക്കുമെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു. പ്രായമായവർ, കുട്ടികൾ, ശാരീരിക ബുദ്ധിമുട്ടുള്ളവർ എന്നിവരെ ദർശനം നടത്തുന്നതിന് സഹായിക്കാൻ സന്നിധാനത്ത് അനുഭവസമ്പത്തുള്ള പൊലീസ് ഉദ്യോഗസ്ഥർ വേണമെന്ന് ഹൈക്കോടതി നിർദേശിച്ചു. ഈ മാസം 30ന് പുതിയ ബാച്ച് പൊലീസ് ഉദ്യോഗസ്ഥർ ചുമതല ഏൽക്കുമ്പോഴും ഇക്കാര്യം ശ്രദ്ധിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button