വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി, നടപടി റെഡ് അലർട്ട് നിലനിൽക്കുന്ന സാഹചര്യത്തിൽ
കൽപ്പറ്റ: വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ഡിസംബർ 2) അവധി. പ്രൊഫഷണൽ കോളേജുകൾ, ട്യൂഷൻ സെന്ററുകൾ, അങ്കണവാടികൾ എന്നിവയ്ക്കെല്ലാം അവധി ബാധകമാണ്. ജില്ലയിലെ മോഡൽ റസിഡൻഷ്യൽ സ്കൂളുകൾക്ക് അവധി ബാധകമായിരിക്കില്ല. റെഡ് അലർട്ട് നില നിൽക്കുന്ന സാഹചര്യത്തിലാണ് നടപടി. കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഡിസംബർ രണ്ടിന് റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു.
ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്രമായ മഴയ്ക്കുള്ള (24 മണിക്കൂറിൽ 204.4mmയിൽ കൂടുതൽ) സാധ്യതയാണ് പ്രവചിച്ചത്. ഡിസംബർ ഒന്നിന് കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പത്തനംതിട്ട ജില്ലകളിലും ഡിസംബർ 2ന് എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, കാസർഗോഡ് ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള (24 മണിക്കൂറിൽ 115.6mm മുതൽ 204.4mm വരെ) സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. ഇന്ന് പത്തനംതിട്ട ജില്ലയിലെ നിലവിലെ മഞ്ഞ അലർട്ട് (ശക്തമായ മഴ) ഓറഞ്ച് അലർട്ട് (അതിശക്തമായ മഴ) ആയി കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉയർത്തുകയായിരുന്നു.