മേപ്പാടി ഗ്രാമപഞ്ചായത്തിലെ 10, 11, 12 വാർഡുകളിലെ ദുരിതബാധിതരായ എല്ലാവർക്കും ഈ ആനുകൂല്യം ലഭിക്കുമെന്നും റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം സർക്കാർ അനുവദിച്ച പണം ലഭിക്കാത്തവരും മുണ്ടക്കൈ ദുരന്തബാധിതരിലുണ്ടെന്ന ആരോപണവും ജനങ്ങൾ ഉന്നയിക്കുന്നുണ്ട്. ഒരു മാസത്തിൽ പല കുടുംബങ്ങളിലും ഒരാൾക്ക് മാത്രമാണ് ഇത്തരത്തിൽ ധനസഹായം ലഭിച്ചിട്ടുള്ളതെന്ന് പ്രദേശവാസികൾ പറയുന്നു.
‘ചികിത്സാ ഫണ്ട് 30 പേർക്ക് മാത്രമാണ് ലഭിച്ചിട്ടുള്ളത്. ഇനിയും കണ്ടെത്താനുള്ള 47 പേരുടെ മൃതദേഹം കണ്ടെത്തിയാൽ മാത്രമേ മരണ സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള സർക്കാർ രേഖകൾ ലഭ്യമാകൂ. ദുരന്തം നടന്ന് 90 ദിവസം കഴിഞ്ഞിട്ടും ഓരോ കാര്യങ്ങൾ ശരിയാക്കാൻ മനുഷ്യർ ഓടുകയാണ്. ഇത് വലിയ ദുരന്തം ആണെന്ന് ലോകം മുഴുവൻ അറിഞ്ഞതാണ്. വേണ്ടപ്പെട്ട അധികാരികൾ അത് പ്രഖ്യാപിക്കണം. ഇനി തിരഞ്ഞാലും ബോഡി കിട്ടണമെന്നില്ല. മരണ സർട്ടിഫിക്കറ്റ് എങ്കിലും നൽകണം’, നാട്ടുകാർ പറഞ്ഞു.