ഇതിനിടെ വയനാട് ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. വയനാടിന് നൽകുന്ന സഹായത്തിൽ തീരുമാനം അറിയിക്കാൻ കേന്ദ്രസർക്കാരിനോട് കോടതി ആവശ്യപ്പെട്ടിരുന്നു. വയനാട് ദുരന്ത ബാധിതർക്ക് മാത്രമായി പ്രത്യേക കേന്ദ്ര പാക്കേജ് വേണമെന്നാണ് സംസ്ഥാന സർക്കാരിന്റെ ആവശ്യം.
സമരമാർഗത്തിലേക്ക് നീങ്ങേണ്ട ഗതികേടിലാണ് ചൂരൽമല മുണ്ടക്കൈ പ്രദേശത്തെ ദുരിതബാധിതർ. ടൌൺഷിപ്പിനായി എൽസ്റ്റൺ, നെടുമ്പാല എസ്റ്റേറ്റുകളിലെ ഭൂമി ഏറ്റെടുക്കൽ നിയമകുരുക്കിലായിരിക്കുന്നു. ദുരന്ത നിവാരണ നിയമപ്രകാരം ഭൂമി ഏറ്റെടുക്കുന്നതിരെ എസ്റ്റേറ്റ് ഉടമകൾ നൽകിയ ഹർജി കോടതി പരിഗണനയിലാണ്. നവംബർ നാലിന് ഹർജി പരിഗണിക്കും വരെ ഏറ്റെടുക്കൽ വേണ്ടെന്ന് കോടതി നിർദേശിച്ചിരിക്കുന്നു. ദിവസം മുന്നൂറ് രൂപ വച്ചുള്ള സഹായം അടക്കം തുടർന്ന് കിട്ടാതായതോടെ സാമ്പത്തിക പ്രതിസന്ധിയും ദുരിതബാധിതർക്ക് രൂക്ഷമാണ്. വായ്പകൾ എഴുതി തള്ളുമെന്ന ബാങ്കുകളുടെ വാഗ്ദാനവും പൂർണമായിട്ടില്ല. ഇതോടെയാണ് ദുരിതബാധിതർ ആക്ഷൻ കമ്മറ്റി രൂപീകരിച്ചതും ഇപ്പോൾ സമരത്തിനിറങ്ങുന്നതും.