കേട്ടാൽ അമ്പരപ്പ് തോന്നുന്ന പല സത്യങ്ങളും ഉറങ്ങുന്ന നിരവധി നാടുകൾ നമുക്ക് ചുറ്റുമുണ്ട്. അത്തരം നാടുകളെ കുറിച്ചുള്ള അറിവുകൾ നമ്മിൽ കൗതുകം ഉണർത്തുമെന്ന് മാത്രമല്ല ചിലപ്പോഴെങ്കിലും ആശങ്കപ്പെടുത്തുകയും ചെയ്തേക്കാം. അത്തരത്തിൽ ആശങ്കയും കൗതുകവും ഒരുപോലെ ഉണ്ടാക്കുന്ന ഒരു ഗ്രാമമുണ്ട് അങ്ങ് ജപ്പാനിൽ. മനുഷ്യരേക്കാൾ കൂടുതൽ പാവകൾ താമസക്കാരായുള്ള ഈ ഗ്രാമത്തിന്‍റെ പേര് ഇച്ചിനോനോ എന്നാണ്. ഒരുകാലത്ത് കൊച്ചുകുട്ടികളും യുവാക്കളും മധ്യവയസ്കരും വൃദ്ധരും ഒക്കെ ധാരാളം ഉണ്ടായിരുന്ന ഈ ഗ്രാമത്തിൽ ഇന്ന് അവശേഷിക്കുന്നത് 60 -ൽ താഴെ മാത്രം മനുഷ്യരും പിന്നെ കുറെ പാവകളും. അതിനൊരു കാരണമുണ്ട്.
ഇച്ചിനോനോയിൽ ഇപ്പോൾ ഉള്ള 60 താഴെ ആളുകളില്‍ ഏറിയ പങ്കും വാർദ്ധക്യത്തോട് അടുത്തവരാണ്. അവർക്ക് കൂട്ടായിയുള്ളത് ഗ്രാമത്തിന്‍റെ ഓരോ കോണിലും സ്ഥാപിച്ചിട്ടുള്ള കുറെ പാവകളും. ഒരുകാലത്ത് ആ ഗ്രാമത്തിൽ ഉണ്ടായിരുന്നവരും പിന്നീട് ആ നാടുവിട്ട് പോയവരുമായ തങ്ങളുടെ പ്രിയപ്പെട്ടവരുടെ ഓർമ്മയ്ക്കായി ഗ്രാമവാസികൾ സ്ഥാപിച്ചിരിക്കുന്നതാണ് ഈ പാവകളെ തങ്ങളുടെ ശൂന്യത മാറ്റാൻ മറ്റ് മാർഗ്ഗങ്ങൾ ഇല്ലാതെ വന്നതോടെയാണ് പ്രിയപ്പെട്ടവരുടെ പാപങ്ങൾ നിർമ്മിച്ച് തെരുവുകളിലും പാർക്കുകളിലും വീട്ടുമുറ്റത്തും പൂന്തോട്ടത്തിലുമൊക്കെ ഇവർ സ്ഥാപിച്ചു തുടങ്ങിയത്. ഇന്ന് ഗ്രാമത്തിൽ അവശേഷിക്കുന്നവരുടെ പ്രധാന കൂട്ട് ഈ പാവകളാണ്. കൊച്ചു കുട്ടികളുടെ മുതൽ മുതിർന്നവരുടെ വരെ പാവകൾ ഈ കൂട്ടത്തിലുണ്ട്. തങ്ങളോടൊപ്പം വേണമെന്ന് ആഗ്രഹിക്കുന്നവരുടെ പാവകളെയാണ് ഗ്രാമവാസികൾ ഇത്തരത്തില്‍ സംരക്ഷിച്ചിരിക്കുന്നത്. ഈ പാവകളോട് കുശലം പറഞ്ഞും അവയ്ക്കൊപ്പം സമയം ചെലവഴിച്ചുമൊക്കെയാണ് ഇവർ തങ്ങളുടെ ജീവിതങ്ങളെ ഇപ്പോൾ ഊർജ്ജസ്വലമാക്കുന്നത്.
ഒരുകാലത്ത് ഈ ഗ്രാമം ധാരാളം കുട്ടികളുള്ള വീടുകളാൽ സമ്പന്നമായിരുന്നു. എന്നാൽ ആ കുട്ടികൾ വളർന്നപ്പോൾ ഗ്രാമത്തിന് പുറത്തുപോയി പഠിക്കാൻ അവരെ ഗ്രാമവാസികൾ പ്രോത്സാഹിപ്പിച്ചു. പക്ഷേ, പഠനം കഴിഞ്ഞ് മറുനാടുകളിലേക്ക് ചേക്കേറിയവരാരും പിന്നെ ഗ്രാമത്തിലേക്ക് തിരിച്ചെത്തിയില്ല. ജോലിയും കുടുംബവും ഒക്കെയായി അവർ ആ നാടുകളിൽ തന്നെ താമസമാക്കി. അതോടെ ഗ്രാമത്തിൽ നിന്ന് യുവാക്കളും കുട്ടികളും അപ്രത്യക്ഷമായി. വാർദ്ധക്യത്തിലെത്തിയ ഏതാനും പേർ മാത്രം അവശേഷിച്ചു. അന്ന് മറുനാടുകളിലേക്ക് ചേക്കേറാൻ തങ്ങളുടെ ഇളം തലമുറയെ പ്രോത്സാഹിപ്പിച്ചത് വലിയ തെറ്റായിപ്പോയെന്നും ഇന്ന് അതിന് വലിയ വിലയാണ് കൊടുക്കേണ്ടി വന്നിരിക്കുന്നതെന്നുമാണ് ഗ്രാമവാസിയായ 88 വയസ്സുള്ള വിധവ ഹിസായോ യമസാക്കി വാർത്ത ഏജൻസിയായ ഏജൻസി ഫ്രാൻസ്-പ്രസിനോട് സംസാരിക്കവെ പറഞ്ഞത്.
കോവിഡ്-19 മഹാമാരിയുടെ സമയത്ത് ഗ്രാമത്തിലേക്ക് കുടിയേറിയ റൈ കാറ്റോ, തോഷികി കാറ്റോ എന്നീ ദമ്പതികൾക്ക് ഗ്രാമത്തിൽ വച്ച് പിറന്ന കുറനോസുകെ കാറ്റോ എന്ന കുഞ്ഞാണ് രണ്ട് ദശാബ്ദ കാലത്തിനിടയിൽ ഈ ഗ്രാമത്തിൽ പിറന്ന ഏക കുഞ്ഞ്. ഇപ്പോൾ രണ്ട് വയസ്സുള്ള കുറനോസുകെ കാറ്റോ ഗ്രാമവാസികളുടെ കണ്ണിലുണ്ണിയാണ്. ജപ്പാൻ അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്ന പ്രധാന പ്രതിസന്ധികളിൽ ഒന്ന് ജനസംഖ്യയിൽ ഉണ്ടായിരിക്കുന്ന വലിയ ഇടിവാണ്. രാജ്യത്തെ ജനസംഖ്യയിൽ ഏറ്റവും കൂടുതൽ ഉള്ളത് 65 വയസ്സും അതിന് മുകളിൽ പ്രായമുള്ളവരുമാണ്. 2023-ൽ രാജ്യത്തിന്‍റെ മൊത്തം ജനസംഖ്യ തുടർച്ചയായ 15 -ാം വർഷവും കുറഞ്ഞു. 7,30,000 നവജാത ശിശുക്കൾ മാത്രമാണ് പോയ വർഷം ജപ്പാനില്‍ ജനിച്ചത്.