വ്യാഴാഴ്ച രാത്രിയിൽ ചുഴലിക്കാറ്റ് കര തൊട്ടതോടെ ഒഡിഷയിലും പശ്ചിമ ബംഗാളിലും കനത്ത മഴയും കാറ്റുമാണ്. തീരദേശ ജില്ലകളായ ഭദ്രക്, കേന്ദ്രപര, ബാലസോർ, ജഗത്സിംഗ്പൂർ ജില്ലകളിൽ കാറ്റിന്‍റെ വേഗത മണിക്കൂറിൽ 100 മുതൽ 110 കിലോമീറ്റർ വരെയെത്തി. ചുഴലിക്കാറ്റ് വടക്കൻ ഒഡിഷയ്ക്ക് കുറുകെ പടിഞ്ഞാറ് – വടക്കു പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങുകയും ഇന്ന് ഉച്ചയോടെ ക്രമേണ ദുർബലമാവുകയും ചെയ്യുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മിന്നൽ പ്രളയ സാധ്യത പ്രവചിച്ചതോടെ ഒഡിഷ, ബംഗാൾ സർക്കാരുകൾ അതീവ ജാഗ്രതയിലായിരുന്നു. ഇരു സംസ്ഥാനങ്ങളിലെയും ട്രെയിൻ, വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചിരുന്നു. എട്ട് മണിയോടെ വിമാന സർവീസുകളും 10 മണിയോടെ ട്രെയിൻ സർവീസുകളും പുനരാരംഭിച്ചു.
ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് രൂപപ്പെടുന്നുവെന്ന് മുന്നറിയിപ്പ് ലഭിച്ച ഘട്ടം മുതൽ ഒഡിഷ സർക്കാർ ‘സീറോ കാഷ്വാലിറ്റി’ ലക്ഷ്യമിട്ട് പ്രവർത്തനം തുടങ്ങിയെന്നും ആദ്യ ദിവസം മുതൽ ആ ദിശയിൽ തയ്യാറെടുപ്പ് നടത്തിയെന്നും മുഖ്യമന്ത്രി മാജി പറഞ്ഞു. ആറ് ലക്ഷം പേരെ ഒഴിപ്പിച്ച് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. മന്ത്രിമാർ, എംഎൽഎമാർ, മറ്റ് ജനപ്രതിനിധികൾ, എൻഡിആർഎഫ്, ഒഡിആർഎഫ്, ഫയർ സർവീസ്, ഒഡീഷ പൊലീസ്, സാമൂഹ്യ പ്രവർത്തകർ എന്നിങ്ങനെ സീറോ കാഷ്വാലിറ്റി ദൌത്യവുമായി സഹകരിച്ച് പ്രവർത്തിച്ച എല്ലാവർക്കും മുഖ്യമന്ത്രി നന്ദി പറഞ്ഞു. ജഗന്നാഥന്‍റെ കൃപയാൽ, എല്ലാവരുടെയും സഹകരണത്തോടെ മനുഷ്യ ജീവനുകൾ രക്ഷിക്കുന്നതിൽ സർക്കാർ വിജയിച്ചെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.