23.8 C
Iritty, IN
October 15, 2024
  • Home
  • Uncategorized
  • കൈക്കൂലി വാങ്ങിയതിന് കയ്യോടെ പൊക്കി; സര്‍വീസിലെ അവസാന ദിനം തിരികെയെത്തി വിരമിച്ച് അസിസ്റ്റന്‍റ് എഞ്ചിനീയര്‍
Uncategorized

കൈക്കൂലി വാങ്ങിയതിന് കയ്യോടെ പൊക്കി; സര്‍വീസിലെ അവസാന ദിനം തിരികെയെത്തി വിരമിച്ച് അസിസ്റ്റന്‍റ് എഞ്ചിനീയര്‍

തൊടുപുഴ: സസ്‌പെന്‍ഷന്‍ പിന്‍വലിച്ചതിനാല്‍ സര്‍വീസിലെ അവസാന ദിവസം ജോലിയില്‍ തിരികെ പ്രവേശിച്ച് ഏതാനും സമയത്തിനുള്ളില്‍ വിരമിച്ച് പഞ്ചായത്ത് അസിസ്റ്റന്‍റ് എഞ്ചിനീയര്‍. തൊടുപുഴ നഗരസഭാ അസിസ്റ്റന്‍റ് എഞ്ചിനിയറായിരിക്കേ ഒരു ലക്ഷം കൈക്കൂലി കേസില്‍ അറസ്റ്റിലായ സി ടി അജിയാണ് ഹൈക്കോടതിയുടെ പ്രത്യേക ഉത്തരവ് പ്രകാരം അറക്കുളം ഗ്രാമപഞ്ചായത്ത് എ ഇയായി ജോലിയില്‍ തിരികെ പ്രവേശിച്ച് ഉടന്‍ തന്നെ വിരമിച്ചത്. കഴിഞ്ഞ ജൂണ്‍ 25നാണ് സി ടി അജിയെയും സഹായി റോഷന്‍ സര്‍ഗത്തേയും തൊടുപുഴ നഗരസഭാ ഓഫീസില്‍ വച്ച് വിജിലന്‍സ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ജയിലിൽ ആയിരുന്ന അജിയെ സർവീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു.

കോടതി ഉത്തരവ് നേടി തിരികെ ജോലിയിൽ പ്രവേശിച്ചു

കേസില്‍ തുടരന്വേഷണം നടത്തിയ വിജിലന്‍സ് ഇതുവരെ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല. രണ്ടാഴ്ചക്ക് ശേഷം അജി ജാമ്യത്തില്‍ ഇറങ്ങിയിരുന്നു. ഇതിന് ശേഷം സര്‍വ്വീസില്‍ തിരികെ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട് സി ടി അജി തദ്ദേശ സ്വയം ഭരണ വകുപ്പിന് അപേക്ഷ സമര്‍പ്പിച്ചിരുന്നെങ്കിലും പരിഗണിച്ചില്ല. ഇതേ തുടര്‍ന്നാണ് അജി ഹൈക്കോടതിയെ സമീപിച്ചത്. കേസ് പരിഗണിച്ച ഹൈക്കോടതി അജിയെ തിരികെ ജോലിയില്‍ പ്രവേശിക്കാനും വിരമിക്കാനും അനുവദിക്കണമെന്ന് കാട്ടി തദ്ദേശ സ്വയം ഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

അതേ സമയം അജിക്കെതിരായ വിജിലന്‍സ് കേസ് തുടരുമെന്നും ഹൈക്കോടതി ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഇടുക്കി ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പഞ്ചായത്ത് അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ മുന്നില്‍ ഹാജരാകാന്‍ പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ ഉത്തരവിറക്കി. ഇതിന്റെ തുടര്‍ച്ചയായി അസി. എഞ്ചിനീയര്‍ പദവി ഒഴിവുള്ള അറക്കുളം പഞ്ചായത്തില്‍ എത്തി ഒപ്പിട്ട് ജോലിയില്‍ പു:നപ്രവേശിക്കാന്‍ എ എക്‌സ് ഇ നിര്‍ദ്ദേശിച്ചു. ഈ ഉത്തരവുമായി ഇന്നലെ ഉച്ചയ്ക്ക് മുമ്പ് അറക്കുളം പഞ്ചായത്ത് ഓഫീസിലെത്തി അസി. എഞ്ചിനീയറായി അജി ജോലിയില്‍ തിരികെ പ്രവേശിച്ചു. മണിക്കൂറുകള്‍ക്കുള്ളില്‍ സര്‍വ്വീസില്‍ നിന്ന് ഔദ്യോഗികമായി വിരമിക്കുകയും ചെയ്തു.

കുറ്റവിമുക്തനായെങ്കിലെ ആനുകൂല്യം ലഭ്യമാകുവെന്ന് വിജിലൻസ്

അതേസമയം വിജിലന്‍സിനോട് കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതില്‍ നിന്ന് വിശദീകരണം ചോദിച്ചിരുന്നില്ലെന്ന് ഡിവൈഎസ്പി ഷാജു ജോസ് പറഞ്ഞു. കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ രണ്ട് മാസമെങ്കിലും സമയം വേണ്ടിവരും. വോയ്‌സ് റെക്കോര്‍ഡുകളും കോള്‍ ഡീറ്റെയിലും ഉള്‍പ്പെടെയുള്ള തെളിവുകളുടെ ശാസ്ത്രീയ പരിശോധന നടത്തി വേണം കുറ്റപത്രം സമര്‍പ്പിക്കാനെന്നും ഡിവൈഎസ്പി സൂചിപ്പിച്ചു. വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത കേസില്‍ കുറ്റവിമുക്തനായെങ്കില്‍ മാത്രമേ അജിക്ക് വിരമിക്കല്‍ ആനുകൂല്യം പൂര്‍ണ്ണമായും ലഭിക്കൂവെന്നും അധികൃതര്‍ സൂചിപ്പിച്ചു.

Related posts

കോഴിക്കോട്ടെ എൽ.ഡി.എഫ് സ്ഥാനാർഥിക്കായി ബൂത്ത് ലെവൽ ഓഫീസർ പ്രചാരണത്തിന് ഇറങ്ങിയെന്ന് പരാതി

Aswathi Kottiyoor

‘മോദിയുടെ ഫോളോവേഴ്സിൽ 60 ശതമാനം വ്യാജന്മാര്‍’; കണക്ക് പുറത്തുവിട്ട് ട്വിപ്ലോമസി

Aswathi Kottiyoor

സത്യമംഗലം കാട്ടിൽ അവശയായ ആനയും കുഞ്ഞും; ജീവൻ നിലനിർത്താൻ പാടുപെട്ട് വനംവകുപ്പ് ഉദ്യോഗസ്ഥർ.

Aswathi Kottiyoor
WordPress Image Lightbox