തിരുവനന്തപുരം: സമീപവാസിയായ സ്കൂൾ വിദ്യാർത്ഥിയോട് ലൈംഗിക അതിക്രമം. 70 കാരന് 13 വർഷം കഠിനതടവും 125000 പിഴ ശിക്ഷയും വിധിച്ച് കോടതി. ആറ്റിങ്ങൽ അതിവേഗ കോടതി ജഡ്ജി ബിജുകുമാർ സി ആർ ആണ് പ്രതിയെ കുറ്റക്കാരൻ എന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്. ചിറയിൻകീഴ് സ്വദേശിയെയാണ് കുറ്റക്കാരൻ എന്ന് കണ്ടെത്തി കോടതി ശിക്ഷ വിധിച്ചത്.
70കാരൻ സമീപവാസിയായ കുട്ടിയെ അഞ്ചാം ക്ലാസ് മുതൽ ഒമ്പതാം ക്ലാസ് വരെ പഠിക്കുന്ന വിവിധ കാലഘട്ടങ്ങളിൽ ടിവി കാണാൻ എത്തുന്ന സമയത്തും മറ്റുമായി പ്രതിയുടെ വീട്ടിൽ വച്ച് ലൈംഗിക അതിക്രമത്തിന് വിധേയനാക്കുകയായിരുന്നു എന്നതാണ് കേസ്. ഭാര്യ ഉപേക്ഷിച്ചു പോയ ഇയാൾ ദീർഘ നാളുകളായി ഒറ്റയ്ക്കായിരുന്നു താമസം. കുട്ടിയെ ട്യൂഷൻ പഠിപ്പിക്കുവാൻ പ്രതിയുടെ വീട്ടിലേക്ക് പറഞ്ഞ് വിട്ട നാൾ മുതൽ അടുപ്പം സൂക്ഷിച്ചുവന്ന പ്രതി അവസരം മുതലാക്കിയാണ് ടിവി കാണുവാനെത്തുന്ന സമയം കുട്ടിയെ ഉപദ്രവിച്ചുവന്നത്.
പിതാവിനോട് ഉപദ്രവം സംബന്ധിച്ച് കുട്ടി സൂചിപ്പിച്ചെങ്കിലും പിതാവിന്റെ മരണത്തോടെ വിവരം മറ്റാരും അറിയാത്ത സാഹചര്യത്തിൽ എത്തുകയായിരുന്നു. ലൈംഗിക അതിക്രമം സംബന്ധിച്ച് മാതാവിനോട് പറയും എന്ന സൂചിപ്പിച്ച സമയത്ത് പ്രതി കുട്ടിയെ ഭീഷണിപ്പെടുത്തി ലൈംഗിക അതിക്രമം നടത്തുകയായിരുന്നു. ഇതോടെ സ്കൂളിൽ കുട്ടി മറ്റ് കുട്ടികളെ ഉപദ്രവിക്കാൻ ആരംഭിക്കുകയായിരുന്നു. പിന്നാലെ കുട്ടിയെ കൗൺസിലിങ്ങിന് വിധേയമാക്കപ്പെട്ടപ്പോഴാണ് അതിക്രമത്തിന് ഇരയായ വിവരം പുറത്ത് വരുന്നത്.