സർക്കാർ രേഖകളിൽ നമ്മൾ മരിച്ചുപോയി എന്ന് കാണിച്ചാൽ എന്ത് ചെയ്യും? അത്തരം ഒരു ദുരവസ്ഥയിലൂടെ കടന്നു പോവുകയാണ് രാജസ്ഥാനിൽ നിന്നുള്ള ഒരു മനുഷ്യൻ. 37 -കാരനായ ശങ്കർ സിംഗ് റാവത്തും രണ്ട് കുട്ടികളും സർക്കാർ രേഖകളിൽ മരിച്ചതായിട്ടാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
അതിനാൽ തന്നെ സർക്കാരിൽ നിന്നു കിട്ടേണ്ടതായിട്ടുള്ള ആനുകൂല്യങ്ങൾ അടക്കം ഒന്നും ലഭിക്കുന്നില്ല. മാത്രമല്ല, അദ്ദേഹത്തിന്റെ നിയമപരമായിട്ടുള്ള ഒരു കാര്യങ്ങളും നടക്കുന്നുമില്ല. പാലി ജില്ലയിലെ മാർവാർ ജംഗ്ഷൻ തെഹ്‌സിലിലെ സരൺ ഗ്രാമവാസിയാണ് ശങ്കർ. 2022 -ൽ കർഷകർക്കുള്ള ക്ഷേമ പദ്ധതിയായ കിസാൻ സമ്മാൻ നിധിക്ക് അപേക്ഷിക്കാൻ സർക്കാർ ക്യാമ്പിൽ പോയപ്പോഴാണ് തൻ്റെ ‘മരണ’ത്തെ കുറിച്ച് അദ്ദേഹം തന്നെ അറിയുന്നത്.
അദ്ദേഹം മാത്രമല്ല, അദ്ദേഹത്തിന്റെ മകളും മകനും രേഖകളിൽ മരിച്ചതായിട്ടാണ് രേഖപ്പെടുത്തിയിരുന്നത്. അന്ന് മുതൽ ഓരോ സർക്കാർ ഓഫീസുകളിലേക്കും മാറിമാറി ഓടുകയാണ് ശങ്കർ. താനും തന്റെ മക്കളും ജീവിച്ചിരിപ്പുണ്ട് എന്ന് ബോധ്യപ്പെടുത്താൻ വേണ്ടിയുള്ള നെട്ടോട്ടം തന്നെ.
കളക്ടറുടെയും എസ്‍ഡിഎമ്മിന്റെയും ഓഫീസുകളിൽ ചെന്നെങ്കിലും ശരിയാക്കാം എന്ന് പറയുന്നതല്ലാതെ ഒന്നും ശരിയായില്ല. ജൻ ആധാർ കാർഡിൽ ശങ്കറും മൂന്ന് മക്കളും മരിച്ചതായിട്ടാണ് രേഖപ്പെടുത്തിയിട്ടുള്ളത്. അതിനാൽ തന്നെ സർക്കാരിൽ നിന്നും ലഭിക്കേണ്ടുന്ന ഒരു ആനുകൂല്യങ്ങളും ഇവർക്ക് ലഭിക്കുന്നില്ല.
ശങ്കർ സിംഗ് റാവത്ത് 2010 -ലാണ് വിവാഹിതനായത്. മൂന്ന് മക്കളുണ്ട്. അമ്മയും ഭാര്യയും കുട്ടികളും ഗ്രാമത്തിലായിരുന്നു താമസിച്ചിരുന്നത്. കുറച്ച് വർഷങ്ങൾക്ക് മുമ്പ് അദ്ദേഹം ഒരു മാർബിൾ ഫാക്ടറിയിൽ ജോലി ചെയ്യുന്നതിനായി അബു റോഡിലേക്ക് മാറി. ആ സമയത്ത് ഭാര്യ മറ്റൊരാളെ വിവാഹം കഴിക്കുകയും ഇളയ മകനെ കൂടെ കൊണ്ടുപോവുകയും ചെയ്തു.
സ്വത്ത് തർക്കത്തെ തുടർന്ന് ജൻ ആധാർ കാർഡിൽ താൻ മരിച്ചതായി രേഖപ്പെടുത്താൻ ഭാര്യ ഇ-മിത്ര ഓപ്പറേറ്ററുമായി ഗൂഢാലോചന നടത്തിയെന്നാണ് ശങ്കർ ആരോപിക്കുന്നത്. അന്നത്തെ സർപഞ്ചിനെതിരെ നടപടി ആവശ്യപ്പെട്ട് ജില്ലാ കളക്ടറെയും അദ്ദേഹം സമീപിച്ചിട്ടുണ്ട്. എങ്കിലും, ഇതുവരെ ഒന്നിനും പരിഹാരമായിട്ടില്ല. ഇപ്പോഴും അദ്ദേഹം രേഖകളിൽ മരിച്ചതായിട്ടാണ് ഉള്ളത്.