നാഗ്പൂർ: മഹാരാഷ്ട്രയിൽ വീടിനുള്ളിൽ ദമ്പതികളുടെയും രണ്ട് മക്കളെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ബുധനാഴ്ച രാവിലെ നാഗ്പൂരിലാണ് സംഭവം. എല്ലാവരും ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസ് അനുമാനിക്കുന്നത്. നാല് പേരും ഒപ്പിട്ട ഒരു ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇത് പൊലീസ് പരിശോധിച്ചു വരികയാണ്.
മൊവാദ് ഗ്രാമത്തിൽ താമസിക്കുന്ന വിരമിച്ച അധ്യാപകൻ വിജയ് മധുകർ പച്ചോരി (68), ഭാര്യ മാല (55), മക്കളായ ഗണേഷ് (38), ദീപക് (36) എന്നിവരാണ് മരിച്ചത്. കുടുംബത്തിലെ എല്ലാവരും കടുത്ത മാനസിക സമ്മർദം അനുഭവിക്കുകയായിരുന്നു എന്നാണ് പൊലീസ് കണ്ടെടുത്ത കത്തിൽ പറയുന്നത്. ദമ്പതികളുടെ മൂത്ത മകനായ ഗണേഷിനെ അടുത്തിടെ ഒരു വഞ്ചനാ കേസിൽ മദ്ധ്യപ്രദേശിലെ പധുർന പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ സംഭവത്തിന് ശേഷം കുടുംബത്തിലെ എല്ലാവരും മാനസിക കടുത്ത സമ്മർദത്തിലായിരുന്നു എന്നാണ് വിവരം.
കണ്ടെടുത്ത കത്തിൽ വീട്ടിലെ എല്ലാവരുടെയും ഒപ്പുണ്ട്. രാവിലെ വീട്ടിലെ അസാധാരണമായ നിശബ്ദത ശ്രദ്ധിച്ച അയൽവാസികളാണ് പൊലീസിനെ വിവരമറിയിച്ചത്. പൊലീസ് സ്ഥലത്തെത്തി വാതിൽ ബലമായി തുറന്നപ്പോൾ നാല് പേരും സീലിങിലെ ഹുക്കുകളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പൊലീസ് അസ്വഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അന്വേഷണം ഇപ്പോൾ പ്രാഥമിക ഘട്ടത്തിലാണെന്ന് പൊലീസ് അറിയിച്ചു.