ഡൽഹി ആസ്ഥാനമായ പി ആർ ഏജൻസിയാണോ മുഖ്യമന്ത്രിയുടെ നാവെന്നും ഒരു മുഖ്യമന്ത്രിയുടെ പ്രസ്താവനകൾ തീരുമാനിക്കുന്നത് ഒരു പി ആർ ഏജൻസിയാണോയെന്നും രാഹുൽ മാങ്കൂട്ടത്തിൽ ചോദിച്ചു. മുമ്പ് വിഎസ് പറഞ്ഞത് നമുക്കറിയാമല്ലോ. ഇത് ആ പാർട്ടിയുടെ നിലപാടാണ്. അൻവറിനോടുള്ള വിരോധം മുഖ്യമന്ത്രി ഒരു ജില്ലയോടും ജനങ്ങളോടും ഉള്ള വിരോധമാക്കരുതെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.
ആർ എസ് എസ് കാർ പ്രതികളാകുന്ന കേസുകളിലെ പൊലീസ് വീഴ്ച യാദൃശ്ചികമല്ലെന്നും മലപ്പുറം ജില്ലക്കെതിരെ മുഖ്യമന്ത്രി നടത്തിയ പ്രസ്താവന പോലും മുഖ്യമന്ത്രിയുടെ ആർഎസ്എസിന്റെ അനുകൂലമായ നിലപാടിന്റെ വ്യക്തമായ തെളിവാണെന്നും യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ പികെ ഫിറോസ് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. മുഖ്യമന്ത്രി പ്രസ്താവന പിൻവലിച്ച് മലപ്പുറം ജില്ലയിലെ ജനങ്ങളോടും കേരളത്തിലെ ജനങ്ങളോടും മാപ്പ് പറയാൻ തയ്യാറാകണം എന്ന് ആവശ്യപ്പെടുകയാണെന്നും പികെ ഫിറോസ് പറഞ്ഞു.
കെ എം ഷാജിയുടെ പരിപാടി മാറ്റിവച്ച സംഭവം അടിസ്ഥാന രഹിതമായ പ്രചാരണമാണെന്ന് പികെ ഫിറോസ് പറഞ്ഞു. പാർട്ടി തീരുമാനിക്കാത്ത ഒരു പരിപാടിയാണ്. കാഫിർ സ്ക്രീൻ ഷോട്ട് പോലെ ഒരു നോട്ടീസ് പരിപാടിയുടേതായി വരികയായിരുന്നു. അത്തരമൊരു പരിപാടി പാർട്ടി ആലോചിച്ചിട്ടില്ല. രാഷ്ട്രീയ എതിരാളികൾ പടച്ചു വിടുന്ന ഒരു ആരോപണം മാത്രം.
ഷാജിക്ക് എവിടെയും പ്രസംഗിക്കുന്നതിന് ഒരു തടസവും ഇല്ല. അൻവർ രാഷ്ട്രീയ നിലപാട് പറഞ്ഞാൽ അപ്പോൾ ഞങ്ങൾ ഞങ്ങളുടെ നിലപാടും പറയുമെന്നും പികെ ഫിറോസ് പറഞ്ഞു.