മത്സരത്തിൽ ഇന്ത്യയ്ക്ക് ലഭിച്ച സ്വർണമെഡലുകളിൽ ഒരെണ്ണം രാഹുൽ ജയരാജിന്റേതാണ്. കേരളത്തിന് ലഭിച്ച ഏക സ്വർണമെഡൽ രാഹുലിനാണെന്നുള്ളതും പ്രത്യേകതയാണ്. ആലപ്പുഴയിൽ നിന്ന് ഈ നേട്ടം കൈവരിക്കുന്ന ആദ്യ വ്യക്തിയാണ് രാഹുൽ. കേരളാ ബോഡി ബിൽഡിങ് അസോസിയേഷന്റെ നടത്തിയ സെലക്ഷനിൽ ആലപ്പുഴയിൽ നിന്ന് രണ്ട് പേരുൾപ്പെടെ കേരളത്തെ പ്രതിനിധീകരിച്ച് മിസ്റ്റർ യൂണിവേഴ്സ് മത്സരത്തിന് പോയത് 10 പേരാണ്.
ഇതിൽ രാഹുൽ ജയരാജിന് സ്വർണവും തിരുവനന്തപുരം സ്വദേശി വികാസിന് വെള്ളിമെഡലുമാണ് ലഭിച്ചത്. ഇന്ത്യൻ ബോഡി ബിൽഡിംഗ് ആൻഡ് ഫിറ്റ്നസ് ഫെഡറേഷൻ (ഐബിബിഎഫ്എഫ്) മുംബൈ എക്സിബിഷൻ സെന്ററിൽ വെച്ചായിരുന്നു മത്സരം. 10 ഓളം രാജ്യങ്ങളിൽ നിന്ന് മത്സരാർഥികൾ എത്തിയിരുന്നു.
ഇന്ത്യയിൽ രണ്ടാമത്തെ തവണയാണ് മത്സരം സംഘടിപ്പിക്കുന്നത്. ചെട്ടികാട് അഭിൻ ജിമ്മിൽ നിന്ന് പലതവണ മിസ്റ്റർ ആലപ്പുഴ, മിസ്റ്റർ കേരള മത്സരങ്ങൾ വിജയിച്ചിട്ടുണ്ട് രാഹുൽ. ആലപ്പുഴ ഗുരുപുരം സ്വദേശിയും കാനഡയിൽ സ്ഥിര താമസവുമാക്കിയ നിതിൻ ശരത്താണ് പരിശീലകൻ. നീതുവാണ് രാഹുൽ ജയരാജിന്റെ ഭാര്യ. മകൾ ഇധിക.