മസ്കറ്റ്: മലയാളികളുടെ നേത്യത്വത്തില്‍ ഒരു പതിറ്റാണ്ടിലധികം മസ്‌കറ്റില്‍ ബാല്‍ക്കണിയിലും ടെറസുകളിലും പച്ചക്കറി കൃഷി നടത്തി സ്വയം പര്യപ്തത കൈവരിച്ച ‘ഒമാന്‍ കൃഷിക്കൂട്ടം’ അംഗങ്ങള്‍ക്ക് സൗജന്യമായി വിത്ത് വിതരണം നടത്തി. തക്കാളി, മുളക്, ചീര, ക്യാരറ്റ്, ബീറ്റ്റൂട്ട്, പാവയ്ക്കാ, കുമ്പളം, കുക്കുമ്പർ, തുടങ്ങി, പടവലം, വെളളരി, പയർ തുടങ്ങി പത്തൊൻപതോളം വിത്തുകൾ അടങ്ങിയ പാക്കറ്റും, തൈകളും, കമ്പുകളും രജിസ്റ്റർ ചെയ്ത കൃഷിക്കൂട്ടം അംഗങ്ങൾക്ക് സൗജന്യമായി വിതരണം ചെയ്തു. കൃഷിയെ സ്നേഹിക്കുന്ന ഒരാളും വിത്തുകൾ കൈവശമില്ലാത്തതിന്റെ പേരിൽ ഒമാനിൽ കൃഷിചെയ്യാതിരിക്കരുത് എന്ന ആശയം ലക്ഷ്യം വെച്ചു കഴിഞ്ഞ 11 വർഷങ്ങളായി സീസൺ തുടങ്ങുന്നതിനു മുൻപേ ഒമാൻ കൃഷിക്കൂട്ടം വിത്തുകൾ വിതരണം ചെയ്തുപോരുന്നു.
പ്രവാസ ജീവിതത്തിന്റെ പരിമിതിക്കുള്ളില്‍ നിന്നുകൊണ്ട് താമസസ്ഥലത്തു സ്വന്തം ആവശ്യത്തിനും സുഹൃത്തുക്കൾക്ക് പങ്കുവയ്ക്കുന്നതിനും പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്ന പ്രവാസികളുടെ ഈ കൂട്ടായ്മയില്‍ ഒമാന്റെ വിവിധ പ്രദേശങ്ങളിൽ നിന്നുമുള്ള ആയിരത്തിലധികം മലയാളികൾ അംഗങ്ങളാണ്.
സെപ്തംബര്‍ മുതല്‍ ഏപ്രില്‍ വരെ ഒമാനില്‍ പച്ചക്കറി കൃഷിയ്ക്ക് ലഭിച്ചു വരുന്ന അനുകൂല കാലാവസ്ഥ പ്രയോജനപെടുത്തുകയാണ് ഈ കൂട്ടായ്മയിലെ ഓരോ അംഗങ്ങളും. കേരളത്തിലെ പഴം പച്ചക്കറി പ്രൊമോഷൻ കൗൺസിലിൽ നിന്നുമെത്തിക്കുന്ന വിവധ തരം വിത്തുകള്‍ സൗജന്യമായി നല്‍കുന്നതോടൊപ്പം അംഗങ്ങൾക്ക് കൃഷിക്കാവശ്യമായുള്ള മാര്‍ഗനിര്‍ദേശങ്ങളും ഈ കൂട്ടായ്മയില്‍ നിന്നും നല്‍കി വരുന്നു.
ജൈവ കൃഷി എന്ന ആശയം പ്രചരിപ്പിക്കുവാനായി ഒമാന്‍ കൃഷി കൂട്ടം 2014ല്‍ ആണ് മസ്‌കറ്റില്‍ രൂപം കൊണ്ടത്. സോഹാർ, ബുറൈമി റീജിയനുകളിൽ വരും ദിവസങ്ങളിൽ വിത്തു വിതരണം നടക്കുന്നതായിരിക്കും. വിത്തുകൾ ആവശ്യമുള്ളവർക്ക് 9380 0143 നമ്പറിലും ബന്ധപ്പെടാവുന്നതാണ്.