രസ്‍ഗവാനിലെ ഡി.എൽ പബ്ലിക് സ്കൂളിലാണ് സംഭവം. സ്കൂൾ ഡയറക്ടറുടെ പിതാവായ ദിനഷ് ബാഗൽ എന്നയാൾ ആഭിചാര ക്രിയകളിൽ വിശ്വസിച്ചിരുന്ന ആളാണെന്ന് പൊലീസ് പറയുന്നു. സ്കൂളിന് വിജയം കൈവരിക്കാൻ ബാലനെ ബലി നൽകിയെന്നാണ് ലഭ്യമായ വിവരം. സ്കൂൾ കാമ്പസിലെ കുഴൽകിണറിന് സമീപത്തുവെച്ച് കുട്ടിയെ കൊല്ലാനായിരുന്നത്രെ പദ്ധതി. എന്നാൽ ഹോസ്റ്റലിൽ നിന്ന് കുട്ടിയെ പുറത്തിറക്കിയപ്പൾ തന്നെ കുട്ടി കരയുകയായിരുന്നു. ഇതോടെ ശ്വാസം മുട്ടിച്ച് കൊന്നു എന്നാണ് വിവരം. സ്കൂളിൽ നിന്ന് ആഭിചാര ക്രിയകൾക്ക് ഉപയോഗിക്കുന്ന വസ്തുക്കൾ കണ്ടെടുത്തു.
ഒൻപതാം ക്ലാസിലെ മറ്റൊരു വിദ്യാർത്ഥിയെ ബലി കൊടുക്കാനും ഇവർ നേരത്തെ പദ്ധതിയിട്ടിരുന്നതായി പറയപ്പെടുന്നു. സെപ്റ്റംബർ ആറാം തീയ്യതി നടപ്പാക്കാനിരുന്ന ഈ പദ്ധതി പക്ഷേ പരാജയപ്പെട്ടു. ഇപ്പോൾ കൊല്ലപ്പെട്ട കുട്ടിയുടെ പിതാവിന് ഇക്കഴിഞ്ഞ തിങ്കളാഴ്ച ഫോൺ കോൾ ലഭിക്കുകയായിരുന്നു. മകന് സുഖമില്ലെന്നാണ് വിളിച്ച സ്കൂൾ ഉദ്യോഗസ്ഥൻ പറഞ്ഞത്. പിതാവ് സ്കൂളിൽ എത്തിയപ്പോൾ മകനെ സ്കൂൾ ഡയറക്ടർ തന്റെ കാറിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയെന്ന് അറിയിച്ചു. ഈ കാറിൽ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്.