പിന്നാലെ ഉണര്‍ന്നു കളിക്കാന്‍ ശ്രമം നടത്തിയ മലപ്പുറം താളം കണ്ടെത്താന്‍ കഴിയാതെ മിസ്സ് പാസുകളുടെ പൊടിപൂരമാണ് ഗ്രൗണ്ടില്‍ നടത്തിയത്. കളി മുപ്പത് മിനുട്ട് കഴിഞ്ഞതോടെ സ്പാനിഷ് താരം തന്നെയായ ഐസിയര്‍ ഗോമസും ലക്ഷ്യം കണ്ടു. മലപ്പുറത്തിന്റെ പ്രതിരോധ താരത്തെ കബളിപ്പിച്ചു ഗോള്‍ വല കുലുക്കുകയായിരുന്നു. ഗോളിക്ക് കാഴ്ചക്കാരനായി നില്‍ക്കാനെ സാധിച്ചുള്ളൂ. സ്‌കോര്‍ 2-0. പിന്നാലെ സടകുടഞ്ഞെണീറ്റ മലപ്പുറത്തിന്റെ താരങ്ങള്‍ കണ്ണൂര്‍ വാരിയെഴ്‌സിന്റെ ഗോളിയെ ഇടക്കിടക്ക് പരീക്ഷിച്ചു.
കളിയുടെ 40-ാം മിനുട്ടില്‍ മനോഹര ഫിനിഷിങ്ങിലൂടെ ഫസ്ലുറഹ്‌മാന്‍ കണ്ണൂരിന്റെ ഗോള്‍ വലയില്‍ ഇരമ്പം തീര്‍ത്തു. സ്‌കോര്‍ 2-1.ആദ്യ പകുതി 2-1 സ്‌കോറില്‍ പിരിഞ്ഞു. ആദ്യ പകുതിയില്‍ 3 ഓണ്‍ ടാര്‍ഗറ്റ് ഷോട്ടുകളാണ് കണ്ണൂര്‍ സ്വന്തം പട്ടികയില്‍ കുറിച്ചത്. രണ്ടാം പകുതിയുടെ തുടക്കത്തില്‍ കണ്ണൂരിന്റെ മേധാവിത്വം കാണാമായിരുന്നു. എന്നാല്‍ പതിയെ മലപ്പുറം പന്തടക്കി വെച്ചു. പിന്നാലെ ആക്രമണ മനോഭാവമുള്ള മലപ്പുറത്തിനെയാണ് പയ്യനാടില്‍ കണ്ടത്. 55ആം മിനുട്ടില്‍ ഗോളിന് അടുത്തെത്തിയ മലപ്പുറത്തിന് പക്ഷെ വലകുലുക്കാന്‍ സാധിച്ചില്ല. മികച്ച ഷോട്ട് ഗോള്‍പോസ്റ്റിനെ തൊട്ടുരുമ്മി പോകുകയായിരുന്നു.
64-ാംം മിനുട്ടില്‍ ഫ്രീകിക്ക് മുതലെടുത്തു ഗോള്‍ വര കടത്തിയെങ്കിലും ഓഫ് സൈഡ് കുരുക്കില്‍ മലപ്പുറം കുടുങ്ങുകയായിരുന്നു. 70,71 മിനുട്ടുകളില്‍ തുടര്‍ച്ചയായ രണ്ട് സുവര്‍ണവസരം മലപ്പുറത്തിന് ലഭിച്ചെങ്കിലും മുതലെടുക്കാനായില്ല. 78ആം മിനുട്ടില്‍ മലപ്പുറം എഫ്. സി യുടെ താരം അലക്‌സ് സഞ്ചസിന്റെ ബൈസിക്കിള്‍ കിക്ക് നിര്‍ഭാഗ്യം കൊണ്ടുമാത്രമാണ് ഗോള്‍ ആവാതെ പോയത്. സമനില ഗോളിന് വേണ്ടി ബുജൈറും പെഡ്രോ മാന്‍സിയും അലക്‌സ് സാഞ്ചസും തുടരെ അക്രമങ്ങള്‍ നടത്തിയെങ്കിലും ഗോള്‍ കണ്ടെത്താനായില്ല.