അപകടങ്ങൾ തുടർച്ചയാകുന്ന സാഹചര്യത്തിൽ പുലിമുട്ട് നിർമ്മാണത്തിലെ അപാകതകൾ കണ്ടെത്തി പരിഹാര മാർഗ്ഗങ്ങൾ നിർദ്ദേശിക്കാൻ പൂനെ സെൻട്രൽ വാട്ടർ ആന്റ് പവർ റിസർച്ച് സ്റ്റേഷന് നിർദ്ദേശം നൽകിയിട്ടുണ്ട്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പുലിമുട്ട് നിർമ്മാണത്തിലെ അപാകതകൾ പരിഹരിക്കുമെന്ന് ഹാർബർ എഞ്ചിനീയറിംഗ് ചീഫ് എഞ്ചിനീയർ നൽകിയ റിപ്പോർട്ടിൽ പറയുന്നു.
അഴിമുഖത്തും ചാനലിലും കിടക്കുന്ന കല്ലുകൾ നീക്കം ചെയ്ത് ഡ്രഡ്ജിംഗ് പൂർത്തിയാക്കാൻ അദാനി പോർട്ടിന് കർശന നിർദ്ദേശം നൽകിയിട്ടുള്ളതായി റിപ്പോർട്ടിൽ പറയുന്നു. തുറമുഖത്തിന്റെ തെക്കുഭാഗത്ത് അടിയുന്ന മണ്ണ് നീക്കം ചെയ്ത് തീരശോഷണം സംഭവിക്കുന്ന വടക്ക് ഭാഗത്ത് നിക്ഷേപിക്കാനുള്ള പ്രവൃത്തിയുടെ ദർഘാസ് നടപടി പൂർത്തിയായതായി റിപ്പോർട്ടിലുണ്ട്. സുരക്ഷക്കായി കൂടുതൽ ലൈഫ് ഗാർഡുമാരെ നിയോഗിക്കുമെന്നും റിപ്പോർട്ടിലുണ്ട്. ആംബുലൻസ് അനുവദിച്ചിട്ടുണ്ടെന്നും ഹാർബർ എഞ്ചിനീയറിംഗ് ചീഫ് എഞ്ചിനീയർ അറിയിച്ചു.