പൂനെയിൽ നിന്നും കന്യാകുമാരിക്ക് വന്ന ട്രെയിനിൽ സ്ലീപ്പര്‍ സീറ്റിൽ ഉറങ്ങുകയായിരുന്നു തിരുവനന്തപുരം സ്വദേശിയായ യുവതി. ഈ സമയം പ്രതി മുകേഷും അതേ ബോഗിയിലുണ്ടായിരുന്നു. യുവതി ഉറങ്ങുന്ന തക്കം നോക്കിയാണ് ഇയാൾ മോഷണം നടത്തിയത്. യുവതിയുടെ ബാഗിൽ നിന്ന് വിദഗ്ദമായി ഒന്നര ലക്ഷം രൂപയുടെ ഐ ഫോണും 3500 രൂപയുമാണ് ഇയാൾ മോഷ്ടിച്ചത്. ഈ സമയം ബോഗിയിലെ മറ്റുള്ളവരും ഉറക്കത്തിലായത് ഇയാൾക്ക് സഹായമായി. പിന്നീട് ചങ്ങനാശ്ശേരിയിൽ വെച്ച് ഉറക്കം എഴുന്നേറ്റ യുവതി ബാഗ് പരിശോധിച്ചപ്പോഴാണ് മോഷണം നടന്നതായി തിരിച്ചറിയുന്നത്.
സ്വദേശമായ തിരുവനന്തപുരത്ത് എത്തിയ യുവതി റെയിൽവേ പൊലീസിൽ പരാതി നൽകി. തിരുവനന്തപുരം റെയിൽവെ പൊലീസ് പരാതി കോട്ടയം റെയിൽവേ പൊലീസിന് കൈമാറി. കോട്ടയത്തെ ഒരു സ്വകാര്യ മൊബൈൽ ഷോപ്പിൽ മോഷ്ടിച്ച ഐഫോൺ വിൽക്കാൻ എത്തിയപ്പോഴാണ് റെയിൽവേ പൊലീസ് ഇയാളെ പിടികൂടുന്നത്. ഇയാളുടെ പേരിൽ കേരളത്തിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായ 10 ലധികം കേസുകൾ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് കോട്ടയം റെയിൽവേ പൊലീസ് അറിയിച്ചു.