അതേസമയം, അർജുനെ കാണാതായിട്ട് ഇന്ന് എഴുപത് ദിവസം പിന്നിടുകയാണ്. മഴ കനത്താൽ പുഴയുടെ ഒഴുക്ക് കൂടുകയും കലങ്ങുകയും ചെയ്യുന്നത് ഡ്രഡ്‍ജിംഗിനും ഡൈവർമാർക്ക് ഇറങ്ങുന്നതിനും തടസമാണ്. ഇപ്പോഴും മണ്ണിടിച്ചിൽ സാധ്യത നിലനിൽക്കുന്ന പ്രദേശമായതിനാൽ മണ്ണിടിഞ്ഞ കരയുടെ ഭാഗത്ത് ആളുകൾക്ക് പ്രവേശനം നിയന്ത്രിച്ചേക്കും. ഒരു സ്വകാര്യ കമ്പനിയുടെ പ്രതിനിധിയായ റിട്ട. മേജർ ഇന്ദ്രബാലൻ ഇന്ന് ഡ്രഡ്ജിംഗ് കമ്പനിക്കാർക്ക് ഐബോഡ് പരിശോധനയിൽ കണ്ടെത്തിയ പോയന്‍റുകൾ അടയാളപ്പെടുത്തി നൽകിയിട്ടുണ്ട്.
ഇന്നലെ നടത്തിയ തെരച്ചിലിൽ അർജുന്‍റെ ലോറിയുടെ പിന്നിലെ ലൈറ്റ് റിഫ്ലക്ടർ കണ്ടെത്തിയത് വഴിത്തിരിവായിരുന്നു. തെരച്ചിൽ ഒരു കാരണവശാലും അവസാനിപ്പിക്കില്ലെന്നും മഴ കണക്കിലെടുത്ത് താൽക്കാലികമായി മാത്രം നിർത്തുകയാണെന്നും അർജുന്‍റെ കുടുംബത്തിന് ജില്ലാ ഭരണകൂടം ഉറപ്പ് നൽകിയിട്ടുണ്ട്. ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുള്ള തെരച്ചിൽ നിർത്തി വെയ്ക്കില്ലെന്ന് കാർവാർ എംഎൽഎ സതീഷ് സെയ്ൽ പറഞ്ഞു.