കേളകം: വ്യാപാരി വ്യവസായി ഏകോപന സമിതി കേളകം യൂണിറ്റിൽ നടന്ന നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് പണം ലഭിക്കാനുള്ള നിക്ഷേപകരുടെയും നിലവിലെ ഭാരവാഹികളുടെയും പേരിൽ സമിതിയുടെ നിലവിലുള്ള ആസ്തിയായ വ്യാപാരി ഭവൻ കെട്ടിടം എഴുതി നൽകാൻ തീരുമാനിച്ചതായി പ്രസിഡണ്ട് രജീഷ് ബൂൺ,ജനറൽ സെക്രട്ടറി ബിബിൻ കാടാക്കുഴയിൽ,ട്രഷറർ സാബു മുളന്താനം ആക്ഷൻ കമ്മറ്റി നേതാക്കളായ കൊച്ചിൻ രാജൻ,കെ പി ജോളി, ജോൺസൺ നോവ എന്നിവർ കേളകത്ത് നടത്തിയ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. 371 നിക്ഷേപകർക്കാണ് 2.80 കോടി രൂപ ലഭിക്കാനുള്ളത്. കഴിഞ്ഞ രണ്ടു വർഷമായി പണം ലഭിക്കാനുള്ളവർ ആക്ഷൻ കമ്മിറ്റി രൂപീകരിച്ച് പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചു വരികയായിരുന്നു. വ്യാപാരി നേതാക്കളും പോലീസും ആക്ഷൻ കമ്മിറ്റിയും ചേർന്ന് നടത്തിയ ചർച്ചയിലാണ് കേളകം യൂണിറ്റിന്റെ ആസ്തിയായ വ്യാപാരി ഭവൻ വിറ്റ് തുക നിക്ഷേപകർക്ക് നൽകാൻ തീരുമാനിച്ചത്. എന്നാൽ വിൽപ്പന നീണ്ടുപോകുന്നതിനാൽ ആണ് നിക്ഷേപകരുടെയും നിലവിലെ ഭരണസമിതിയുടെയും പേരിൽ കെട്ടിടം എഴുതി നൽകാൻ തീരുമാനമായത്. രണ്ടുമാസത്തിനകം വില്പന പൂർത്തിയാക്കാൻ സാധിക്കും എന്നാണ് പ്രതീക്ഷ എന്ന് ഭാരവാഹികൾ പറഞ്ഞു.തട്ടിപ്പിന് ഇരയായവർ 28ന് ശനിയാഴ്ച 3മണിക്ക് രേഖകളുമായി കേളകം യൂണിറ്റ് ഓഫീസിൽ എത്തിച്ചേരണമെന്ന് ആക്ഷൻ കമ്മറ്റി അറിയിച്ചു. മുൻകാല ഭരണസമിതിയുടെ സാമ്പത്തിക അച്ചടക്കം ഇല്ലായ്മയുടെയും ക്രമക്കേടിന്റെയും ഭാഗമായാണ് ഇത്തരമൊരു നിക്ഷേപ തട്ടിപ്പ് നടന്നതെന്നും നിക്ഷേപകരുടെ പണം തിരികെ നൽകാൻ സംഘടനയിലേക്ക് തിരിച്ചു കിട്ടാനുള്ള കുടിശ്ശിക നിവാരണ പദ്ധതിയുമായി മുന്നോട്ടു പോകുമെന്നും കുറ്റക്കാർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്നും ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
- Home
- Uncategorized
- കേളകം വ്യാപാരി വ്യവസായി ഏകോപന സമിതി; തട്ടിപ്പിന് ഇരയായവർ 28ന് 3മണിക്ക് യൂണിറ്റ് ഓഫീസിൽ എത്തണമെന്ന് ആക്ഷൻ കമ്മറ്റി