പിപാലിയ: ആറ് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച് പ്രൈമറി സ്കൂൾ പ്രിൻസിപ്പൽ. വിദ്യാർത്ഥിനി ചെറുത്തതോടെ കൊലപ്പെടുത്തി മൃതദേഹം മറവ് ചെയ്ത പ്രിൻസിപ്പൽ ഒടുവിൽ പിടിയിൽ. ഗുജറാത്തിലെ ദോഹാദ് ജില്ലിയിലെ പിപാലിയയിലെ പ്രൈമറി സ്കൂളിലാണ് സംഭവം. സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയുടെ മൃതദേഹം സ്കൂൾ പരിസരത്ത് നിന്ന് കണ്ടെത്തിയത് സെപ്തംബർ 19നായിരുന്നു. പോസ്റ്റ്മോർട്ടത്തിലാണ് കുട്ടി ശ്വാസം മുട്ടിയാണ് മരിച്ചതെന്ന് വ്യക്തമായത്.
ഇതിന് പിന്നാലെ ദോഹത് പൊലീസ് സുപ്രണ്ട് രാജ്ദീപ് സിംഗ് ജാല പത്ത് ടീമുകളായി തിരിഞ്ഞാണ് പൊലീസുകാരെ അന്വേഷണത്തിനായി നിയോഗിച്ചത്. അന്വേഷണത്തിൽ കുട്ടിയെ പ്രിൻസിപ്പാളിനൊപ്പമാണ് രക്ഷിതാക്കൾ സ്കൂളിലേക്ക് അയച്ചിരുന്നതെന്ന് വ്യക്തമായത്. കുട്ടി വൈകുന്നേരം തിരികെ വരാതിരുന്ന സമയത്ത് രക്ഷിതാക്കൾ തിരക്കിയപ്പോൾ കുട്ടിയെ സ്കൂളിൽ വിട്ടുവെന്നാണ് ഗോവിന്ദ് നാഥ് വിശദമാക്കിയത്.
അന്വേഷണ സംഘം ഗോവിന്ദ നാഥിനെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തതോടെയാണ് സമാനതകളില്ലാത്ത ക്രൂരത പുറത്ത് വരുന്നത്. കുട്ടിയെ ബലാത്കാരം ചെയ്യാൻ ഗോവിന്ദ നാഥ് ശ്രമിച്ചിരുന്നു. കുട്ടി ബഹളം വയ്ക്കുകയും ചെറുക്കുകയും ചെയ്തതോടെ കുട്ടിയുടെ വായ പൊത്തിപ്പിടിച്ച് നിശബ്ദയാക്കാൻ ഇയാൾ ശ്രമിക്കുകയായിരുന്നു. ശ്വാസം മുട്ടി കുട്ടി മരിച്ചെന്ന് വ്യക്തമായതോടെ ഗോവിന്ദ നാഥ് കുട്ടിയുടെ മൃതദേഹം കാറിന്റെ ഡിക്കിയിൽ ഇട്ട ശേഷം പതിവ് പോലെ സ്കൂളിലേക്ക് പോയി. ക്ലാസ് കഴിഞ്ഞ് കുട്ടിയുടെ ബാഗും മറ്റ് സാധനങ്ങളും ഗേറ്റിന് സമീപത്തും മൃതദേഹം ക്ലാസ് മുറിക്ക് പുറത്തുമായി കൊണ്ട് ഇട്ട ശേഷം ഇയാൾ വീട്ടിൽ പോവുകയായിരുന്നു.
കുട്ടിയെ കാണാതായതിന് പിന്നാലെ രക്ഷിതാക്കൾ പൊലീസിൽ വിവരം അറിയിച്ചതിന് പിന്നാലെ നടന്ന തെരച്ചിലിലാണ് ആറ് വയസുകാരിയുടെ മൃതദേഹം കണ്ടെത്തിയത്.