പാലക്കാട്: കൊല്ലങ്കോട് നിന്ന് കാണാതായ പത്തു വയസുകാരനായി അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. കൊല്ലങ്കോട് സീതാര്‍കുണ്ട് സ്വദേശിയായ അതുല്‍ പ്രിയൻ പാലക്കാട് നഗരത്തിൽ തന്നെ ഉണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു. അതേസമയം, മകൻ വീട്ടിൽ നിന്നും പോയതിന്‍റെ കാരണം വിശദീകരിച്ച് അച്ഛൻ ഷണ്‍മുഖൻ രംഗത്തെത്തി. മുടി വെട്ടാത്തതിന് വഴക്ക് പറഞ്ഞതാണ് മകൻ വീട് വിട്ട് ഇറങ്ങാൻ കാരണമെന്ന് അച്ഛൻ ഷൺമുഖൻ പറഞ്ഞു. പുലർച്ചെ അഞ്ചുമണിക്ക് എഴുന്നേറ്റ് നോക്കിയപ്പോള്‍ മുറിയിൽ മകനെ കണ്ടില്ല.
വീട്ടിലെ ഇരുചക്ര വാഹനമെടുത്താണ് മകൻ പോയത്. വാഹനം വീടിന് സമീപത്തെ കവലയിൽ വെച്ചു. മുടി വെട്ടാത്തതിന് അച്ഛൻ ചീത്ത പറഞ്ഞതിനാലാണ് പോകുന്നതെന്നാണ് നോട്ടുബുക്കിൽ എഴുതിയത്. വണ്ടി കവലയിൽ വെക്കാമെന്നും അമ്മയുടെ ബാഗിൽ നിന്ന് 1000 രൂപയും എടുത്തിട്ടുണ്ടെന്നും എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ അമ്മയെ വിളിക്കാമെന്നും കത്തിലുണ്ടെന്നും അച്ഛൻ ഷണ്‍മുഖൻ പറഞ്ഞു. അമ്മക്ക് കത്ത് എഴുതിവച്ചാണ് അതുൽ ഇന്ന് പുലർച്ചെ വീട്ടിൽ നിന്ന് പോയത്. അമ്മ വഴക്ക് പറഞ്ഞിതിൽ മനംനൊന്താണ് പോകുന്നതെന്ന് കത്തിലുള്ളതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ വീട്ടുകാരുടെ പരാതിയിൽ കൊല്ലങ്കോട് പൊലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു.