വിജയം ലക്ഷ്യമിട്ട് ഇരു സംഘങ്ങളും മുന്നേറ്റനിരയില്‍ മൂന്ന് പേര്‍ക്ക് ചുമതല നല്‍കിയാണ് ആദ്യ ഇലവനെ ഇറക്കിയത്. അഞ്ചാം മിനിറ്റില്‍ കണ്ണൂരിന്റെ ഗോഗോയ് എടുത്ത ഫ്രീകിക്ക് തിരുവനന്തപുരത്തിന്റെ ബ്രസീലിയന്‍ ഗോളി സാന്റോസ് ക്രോസ്സ് ബാറിന് മുകളിലേക്ക് പ്രയാസപ്പെട്ട് കുത്തിയകറ്റി. എട്ടാം മിനിറ്റില്‍ കോര്‍ണറില്‍ നിന്ന് വന്ന പന്ത് കണ്ണൂര്‍ താരം അക്ബര്‍ സിദ്ദീഖ് എതിര്‍ പോസ്റ്റില്‍ എത്തിച്ചെങ്കിലും ഓഫ് സൈഡ് വിസില്‍ മുഴങ്ങി. പന്ത്രണ്ടാം മിനിറ്റില്‍ കണ്ണൂരിന്റെ സ്പാനിഷ് നായകന്‍ അഡ്രിയാന്‍ കോര്‍പ്പയും സ്‌കോര്‍ ചെയ്‌തെങ്കിലും റഫറി സുരേഷ് ദേവരാജ് വീണ്ടും ഓഫ്സൈഡ് വിധിച്ചു.
ആദ്യ പകുതിയില്‍ കണ്ണൂര്‍ വാരിയേഴ്‌സ് വ്യക്തമായ ആധിപത്യം പുലര്‍ത്തിയപ്പോള്‍ അക്മല്‍ ഷാന്‍, സീസണ്‍ എന്നിവരുടെ ഒറ്റയാന്‍ ശ്രമങ്ങളില്‍ മാത്രം ഒതുങ്ങി തിരുവനന്തപുരത്തിന്റെ മുന്നേറ്റങ്ങള്‍. ഒന്നാം പകുതി അവസാനിക്കാനിരിക്കെ തിരുവനന്തപുരം നായകന്‍ മോട്ട രണ്ടാം മഞ്ഞക്കാര്‍ഡും ഒപ്പം ചുവപ്പ് കാര്‍ഡും വാങ്ങി പുറത്തു പോയി. പത്ത് പേരിലേക്ക് ചുരുങ്ങിയ കൊമ്പന്‍സിനെതിരെ രണ്ടാം പകുതിയില്‍ മുഹമ്മദ് ഫഹീസിനെ ഇറക്കി കണ്ണൂര്‍ ആക്രമണം കനപ്പിച്ചു. എന്നാല്‍ 4-4-1 ഫോര്‍മേഷനിലേക്ക് മാറി ഗോള്‍ വഴങ്ങാതിരിക്കാനായിരുന്നു കൊമ്പന്‍സിന്റെ നീക്കം.
അന്‍പത്തിയേഴാം മിനിറ്റില്‍ കണ്ണൂര്‍ നായകന്‍ കോര്‍പ്പ നീക്കിനല്‍കിയ പന്തുമായി മുന്നേറിയ കാമറൂണ്‍ താരം ലവ്‌സാംബ ബോക്‌സിന് പുറത്ത് നിന്ന് പറത്തിയ ഷോട്ട് കൊമ്പന്‍സ് പോസ്റ്റില്‍ കയറി. സൂപ്പര്‍ ലീഗ് കേരളയില്‍ ഇതുവരെ കണ്ട ഏറ്റവും മികച്ച ഗോളുകളില്‍ ഒന്ന് കണ്ണൂരിന് ലീഡ് നല്‍കി 1-0. അവസാന മിനിറ്റുകളില്‍ പകരക്കാരെ ഇറക്കി സമനിലക്കായി കൊമ്പന്‍സും സ്‌കോര്‍ നില ഉയര്‍ത്താന്‍ വാരിയേഴ്‌സും ശ്രമിക്കുന്നതിനിടെ എണ്‍പത്തിയഞ്ചാം മിനിറ്റില്‍ സമനില ഗോള്‍ പിറന്നു. കണ്ണൂര്‍ ബോക്‌സിന് തൊട്ടു മുന്നില്‍ വെച്ച് ലഭിച്ച ഫ്രീകിക്കില്‍ നിന്ന് വന്ന പന്ത് പകരക്കാരന്‍ ഗണേശന്‍ വലയിലെത്തിച്ചു 1-1.