ബംഗളുരു: കോളേജിലെ ശുചിമുറിയിൽ ക്യാമറ വെച്ച് പെൺകുട്ടികളുടെ ദൃശ്യങ്ങൾ പകർത്തിയെന്ന ആരോപണത്തിൽ ഒരു വിദ്യാർത്ഥി അറസ്റ്റിലായി. ബംഗളുരുവിന് സമീപം കുംബൽഗോഡുള്ള സ്വകാര്യ എഞ്ചിനീയറിങ് കോളേജിലാണ് സംഭവം. മൊബൈൽ ഫോൺ ഉപയോഗിച്ച് രഹസ്യമായി ദൃശ്യങ്ങൾ പകർത്തിയ 21 വയസുകാരൻ ചില സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ വഴി ഇത് പങ്കുവെച്ചുവെന്നും ആരോപണമുണ്ട്.
ഏഴാം സെമസ്റ്റർ കംപ്യുട്ടർ സയൻസ് എഞ്ചിനീയറിങ് വിദ്യാർത്ഥിയാണ് അറസ്റ്റിലായത്. സംഭവം പുറത്തുവന്നതോടെ കോളേജിൽ വൻ പ്രതിഷേധം അരങ്ങേറി. തുടർന്ന് പൊലീസ് സ്ഥലത്തെത്തി സ്ഥിതി നിയന്ത്രണ വിധേയമാക്കുകയായിരുന്നു. കുറ്റവാളിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പൊലീസ്, പ്രതിഷേധക്കാർക്ക് ഉറപ്പു നൽകിയാണ് രംഗം ശാന്തമാക്കിയത്.
ആരോപണ വിധേയനായ വിദ്യാർത്ഥി, മൊബൈൽ ക്യാമറ ശുചിമുറിയിൽ ഒളിപ്പിച്ച് വെച്ച് എട്ടോളം വീഡിയോ ക്ലിപ്പുകൾ പകർത്തിയെന്നും മറ്റ് വിദ്യാർത്ഥികളാണ് ഇത് കണ്ടെത്തിയതെന്നുമാണ് പൊലീസ് പറയുന്നത്. വിഷയം പുറത്ത് ആരെയെങ്കിലും അറിയിച്ചാൽ കൊന്നുകളയുമെന്ന് ഇയാൾ മറ്റ് വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തിയെന്നും ഇയാൾ സ്ഥിരം കുറ്റവാളിയാണെന്നും വിദ്യാർത്ഥികൾ ആരോപിക്കുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തുകയാണ്.