ചെന്നൈ: ചെന്നൈയിലെ റോഡില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ സ്യൂട്ട്‌കേസില്‍ സ്ത്രീയുടെ മൃതദേഹം. മൃതദേഹം വെട്ടിനുറുക്കിയ നിലയിലായിരുന്നു. സ്യൂട്ട്‌കേസില്‍ നിന്ന് രക്തം ഒലിച്ചിറങ്ങുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മണി എന്നയാളാണ് കസ്റ്റഡിയിലെടുത്തത്.
സ്യൂട്ട്‌കേസ് കണ്ടെടുത്ത സ്ഥലത്തുനിന്ന് 100 മീറ്റര്‍ അകലെയാണ് മണി താമസിക്കുന്നത്. സ്യൂട്ട്കേസില്‍ കണ്ടെത്തിയത് മാധവരം സ്വദേശി ദീപയുടെ മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. പുലര്‍ച്ചെ 5.30ഓടെ ചെന്നൈ കുമാരന്‍ കുടില്‍ സ്വദേശി തൊറൈപാക്കം ഭാഗത്ത് ഉപേക്ഷിക്കപ്പെട്ട സ്യൂട്ട്‌കേസിനെ കുറിച്ച് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് സ്ഥലത്ത് എത്തിയ പൊലീസ് മൃതദേഹം കണ്ടെടുത്ത് പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു.