മലപ്പുറം : വണ്ടൂർ നടുവത്ത് സ്വദേശിയായ യുവാവ് മരിച്ചത് നിപ ബാധിച്ചെന്ന് പ്രാഥമിക പരിശോധന ഫലം. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നടത്തിയ പരിശോധനയിലാണ് മരണ കാരണം നിപ എന്ന് കണ്ടെത്തിയത്. ബംഗലൂരുവിൽ വിദ്യാർഥിയായ 23കാരൻ, ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് പനി ബാധിച്ച് മരിച്ചത്. സ്ഥിരീകരണത്തിനായി സ്രവ സാംപിൾ പൂണെ എൻഐവിയിലേക്ക് അയച്ചിരിക്കുകയാണ്.
വണ്ടൂർ പഞ്ചായത്തിലെ നടുവത്ത് സ്വദേശിയും ബെംഗുളുരുവിൽ വിദ്യാർഥിയുമായ 23കാരൻ കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ വച്ച് മരിച്ചത്. നിപ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് സ്രവസാമ്പിൾ പരിശോധനയ്ക്ക് അയക്കുകയായിരുന്നു. കോഴിക്കോട്ട് നടത്തിയ പരിശോധനയിലാണ് നിപ പോസിറ്റീവ് എന്ന ഫലം വന്നത്. സ്ഥിരീകരണത്തിനായി പുനെ എൻഐവി യിലേക്ക് സാമ്പിൾ അയച്ചിട്ടുണ്ട്. സ്രവ സാമ്പിൾ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് അയക്കാൻ അഞ്ചു ദിവസം വൈകിയത് എന്തുകൊണ്ടെന്ന് വ്യക്തമല്ല. ഓഗസ്റ്റ് 23നായിരുന്നു ബംഗളൂരുവിൽ നിന്ന് യുവാവ് നാട്ടിലെത്തിയത്. ബംഗളൂരുവിൽ വച്ച് കാലിന് ഏറ്റ പരിക്കിന് ആയുർവേദ ചികിത്സയ്ക്കായി ആയിരുന്നു നാട്ടിലെത്തിയത്. ഇതിനിടെയാണ് ഇയാൾക്ക് പനി ബാധിച്ചത്.
ആദ്യം വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പനി കുറയാഞ്ഞതിനെ തുടർന്നായിരുന്നു ഈ മാസം അഞ്ചിന് പെരിന്തൽമണ്ണയിലെ ആശുപത്രിയിലേക്ക് മാറ്റിയത്. ഇവിടെ ചികിത്സയിലിരിക്കയാണ് മരണം. നേരത്തെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി നിപ ബാധിച്ച മരിച്ച ചെമ്പ്രശ്ശേരിയിൽ നിന്ന് 10 കിലോമീറ്റർ മാത്രം മാറിയാണ് ഇപ്പോൾ നിപ ലക്ഷണങ്ങളേടെ മരിച്ച യുവാവിന്റെ വീട്. യുവാവുമായി സമ്പർക്കത്തില്‍ വന്നവരുടെ പട്ടിക തയ്യാറാക്കുന്നുണ്ട്. പഞ്ചായത്ത് തലത്തിലും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ടുണ്ട്.