പട്ടാമ്പി: പാലക്കാട് പട്ടാമ്പിയിൽ വവ്വാലുകളുടെ ശല്യത്തിൽ പൊറുതിമുട്ടി നാട്ടുകാർ. പട്ടാമ്പി ബസ് സ്റ്റാൻഡ‍് പരിസരത്തെ മരങ്ങളിലാണ് വവ്വാലുകള്‍ സ്ഥിര താമസമാക്കിയത്. വവ്വാലുകളുടെ എണ്ണം പെരുകിവരുന്നതോടെ വലിയ പേടിയിലാണ് നാട്ടുകാരുള്ളത്. ഒന്നല്ല, രണ്ടല്ല തണൽ മരങ്ങളിൽ തൂങ്ങിയാടുന്നത് നൂറ് കണക്കിന് വവ്വാലുകളാണ്. വവ്വാലുകൾ രാത്രിയിൽ മാത്രമാണ് പറക്കുകയെന്നത് തെറ്റാണെന്നാണ് ഇവിടുത്തെ നാട്ടുകാർ പറയുന്നത്. രാത്രിയും പകലുമെന്നില്ലാതെയാണ് വവ്വാലുകൾ ഇവിടെ പറന്ന് നടക്കുന്നത്. 30 വർഷമായി ഈ പ്രവണതയെന്നാണ് നാട്ടുകാർ പറയുന്നത്.
നിപ്പ വൈറസ് അടക്കമുള്ള രോഗങ്ങൾ പടർന്ന സമയത്ത് ഇവിടെ നാട്ടുകാർ കടുത്ത ആശങ്കയിലായിരുന്നുവെന്നും നാട്ടുകാർ പ്രതികരിക്കുന്നത്. ചൂട് കൂടുമ്പോൾ തണൽ മരത്തിന്റെ ചുവട്ടിൽ വിശ്രമിക്കാമെന്ന തോന്നൽ പോലും വേണ്ടെന്ന് ഈ പരിസരത്ത് എത്തുമ്പോൾ വ്യക്തമാവും. വവ്വാൽ കാഷ്ഠം നിറഞ്ഞ് പരിസരമാകെ ദുർഗന്ധം നിറഞ്ഞ സ്ഥിതിയാണ്.
വാഹനങ്ങൾ പാർക്ക് ചെയ്ത് പോകുന്നവർക്ക് നേരിടേണ്ടി വരുന്നതും വലിയ ബുദ്ധിമുട്ടാണ്. വവ്വാലുകളെ തുരത്താൻ പൊടി കൈകൾ പലത് നോക്കിയിട്ടും രക്ഷയില്ലെന്ന് നാട്ടുകാർ പറയുന്നു. ഓരോ ദിവസവും ഇതിന്റ എണ്ണവും കൂടുകയാണ്. മരത്തിന്റെ ചില്ലകൾ നീക്കാനുള്ള ശ്രമം പരിസ്ഥിതി വാദികളുടെ എതിർപ്പിൽ പൊലിഞ്ഞു. നഗരസഭയിലും വനംവകുപ്പിലും അറിയിച്ചതിനേ തുടർന്ന് ഇവിടെ വന്ന് പരിശോധിച്ചതല്ലാതെ മറ്റ് നടപടിയുണ്ടായില്ല. പരാതിയുമായി മുഖ്യമന്ത്രിയേയും വനം മന്ത്രിയേയും കാണാനൊരുങ്ങുകയാണ് നാട്ടുകാർ.