കോഴിക്കോട്: കോഴിക്കോട് മുക്കത്ത് ലോറി ട്രാന്‍സ്‌ഫോര്‍മറില്‍ ഇടിച്ച് ഡ്രൈവര്‍ക്ക് പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെ 5.30ഓടെ എടവണ്ണ – കൊയിലാണ്ടി സംസ്ഥാന പാതയില്‍ മുക്കം അഗസ്ത്യമുഴിയിലാണ് അപകടമുണ്ടായത്.
കൊണ്ടോട്ടിയില്‍ നിന്ന് താമരശ്ശേരിയിലേക്ക് മീനുമായി പോകുകയായിരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. ലോറി ഡ്രൈവര്‍ക്ക് കാലിനാണ് പരിക്കേറ്റത്. ലോറി നിയന്ത്രണം വിട്ട് ട്രാന്‍സ്‌ഫോര്‍മറിലേക്ക് ഇടിച്ചുകയറുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിച്ച വൈദ്യുതി തൂണുകള്‍ പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. മുക്കം അഗ്നിരക്ഷാ സേനയും കെഎസ്ഇബി അധികൃതരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.