കേരളാ ബ്ലാസ്റ്റേഴ്സ് ആരാധക കൂട്ടായ്മയുടെ വിമര്‍ശനങ്ങള്‍ക്ക് കേരളാ ബ്ലാസ്റ്റേഴ്സ് ഡയറക്ടര്‍ നിഖില്‍ നിമ്മഗദ്ദ ഇന്നലെ എണ്ണിയെണ്ണി മറുപടി നല്‍കിയിരുന്നു. സീസണ് മുമ്പ് പുതിയ കളിക്കാരെ ടീമിലെത്തിക്കാത്തതിനെ ആരാധക കൂട്ടായ്മ വിമര്‍ശിച്ചിരുന്നു. പുതിയ കളിക്കാരെ സൈന്‍ ചെയ്യുന്ന കാര്യത്തില്‍ ടീമിന്‍റെ ഭാഗത്തുനിന്ന് കാലതാമസം വന്നുവെന്ന് ഇന്നലെ എക്സ് പോസ്റ്റില്‍ നിഖില്‍ നിമ്മഗദ്ദ സമ്മതിച്ചിരുന്നു.
ഡ്യൂറൻഡ് കപ്പിന് മുമ്പായി പുതിയ കളിക്കാരുമായി കരാര്‍ ഒപ്പിടുമെന്ന് പറഞ്ഞത് വെറുതെയായിരുന്നില്ലെന്നും എന്നാല്‍ ചില സാങ്കേതിക കാരണങ്ങളാല്‍ കരാറിലേര്‍പ്പെടാന്‍ കഴിഞ്ഞില്ലെന്നത് വസ്തുതയാണെന്നും മാനേജ്മെന്‍റ് വ്യക്തമാക്കിയിരുന്നു. പുതിയ കളിക്കാരെ എത്തിക്കുന്നതില്‍ ക്ലബ്ബ് പ്രതിജ്ഞാബദ്ധമാണെന്നും അക്കാര്യത്തില്‍ നുണപറയേണ്ട കാര്യം മാനേജ്മെന്‍റിനില്ലെന്നും നിഖില്‍ നിമ്മഗദ്ദ ഇന്നലെ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ലോണ്‍ അടിസ്ഥാനത്തില്‍ ടീമില്‍ നിന്ന് അഞ്ച് കളിക്കാരെ റിലീസ് ചെയ്തുകൊണ്ടുള്ള പ്രഖ്യാപനം വന്നത്.