22.7 C
Iritty, IN
September 9, 2024
  • Home
  • Uncategorized
  • അഭിഭാഷകനോട് മോശമായി പെരുമാറിയ സംഭവം; എസ്ഐ റിനീഷിന് 2 മാസം തടവ് ശിക്ഷ, പിന്നാലെ ഉപാധിയോടെ മരവിപ്പിച്ചു
Uncategorized

അഭിഭാഷകനോട് മോശമായി പെരുമാറിയ സംഭവം; എസ്ഐ റിനീഷിന് 2 മാസം തടവ് ശിക്ഷ, പിന്നാലെ ഉപാധിയോടെ മരവിപ്പിച്ചു


കൊച്ചി: ആലത്തൂരിൽ അഭിഭാഷകനോട് എസ് ഐ മോശമായി പെരുമാറി എന്ന പരാതിയിൽ ആരോപണ വിധേയനായ എസ് ഐ വി ആർ റിനീഷിനെ ശിക്ഷിച്ച് ഹൈക്കോടതി. രണ്ട് മാസത്തെ തടവിനാണ് എസ് ഐ റിനീഷിനെതിരെ ജസ്റ്റിസ് ദേവരാമചന്ദ്രൻ ശിക്ഷ വിധിച്ചത്. പിന്നാലെ ഒരു വർഷത്തേക്ക് സമാന കുറ്റകൃത്യത്തിൽ ഏർപ്പെടരുത് എന്ന വ്യവസ്ഥയിൽ ശിക്ഷ കോടതി മരവിപ്പിച്ചു.

വാഹനാപകട കേസുമായി ബന്ധപ്പെട്ട് ആലത്തൂർ സ്റ്റേഷനിൽ ഹാജരായ അഡ്വ. ആക്വിബ് സുഹൈലിനോടാണ് ആലത്തൂർ എസ്‌ഐ തട്ടിക്കയറിയത്. സംഭവിക്കാൻ പാടില്ലാത്തതാണ് എസ്ഐയുടെ ഭാഗത്ത് നിന്നും ഉണ്ടായതെന്ന് സംസ്ഥാന പൊലീസ് മേധാവി ഹൈക്കോടതിയെ നേരത്തെ തന്നെ അറിയിച്ചിരുന്നു. സംഭവത്തിന് പിന്നാലെ പൊതുജനങ്ങളോടുള്ള ‘എടാ പോടാ വിളികൾ’ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പൊലീസ് മേധാവി വീണ്ടും സർക്കുലർ പുറപ്പെടുവിച്ചിരുന്നു. ഇക്കാര്യം കർശനമായി നടപ്പാക്കണം എന്ന് ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചിട്ടുണ്ടെന്നും പൊലീസ് മേധാവി ഹൈക്കോടതിയെ അറിയിച്ചിരുന്നു.

സംഭവത്തിലെ കോടതിയലക്ഷ്യ ഹർജി പരി​ഗണിച്ച് ഹൈക്കോടതി പൊലീസ് സ്റ്റേഷൻ ഭയം ഉളവാക്കുന്ന സ്ഥലമാകരുതെന്നും ഏതൊരു സർക്കാർ ഓഫീസും പോലെ ആകണമെന്നും നിരീക്ഷിക്കുകയും ചെയ്തിരുന്നു. ഹൈക്കോടതിയിൽ ഓൺലൈനായി ഹാജരായ ഡിജിപി ഷെയ്ഖ് ദര്‍വേസ് സാഹിബിനാണ് ഹൈക്കോടതി കര്‍ശന നിര്‍ദ്ദേശം നൽകിയത്. പൊലീസ് സ്റ്റേഷനെ ടെറർ സ്ഥലമാക്കേണ്ട കാര്യമില്ലെന്നും കോടതി പറഞ്ഞിരുന്നു. മോശം വാക്കുകൾ ഉപയോഗിച്ചാൽ ജനങ്ങളെ നിയന്ത്രിക്കാൻ കഴിയും എന്ന് ആരാണ് പൊലീസിനോട് പറഞ്ഞതെന്ന് ചോദിച്ച കോടതി, അധികാരമില്ലാത്ത ജനങ്ങളോട് ഇത്തരം കാര്യങ്ങൾ ആവാം എന്ന് കരുതരുതെന്നും കോടതി പറഞ്ഞിരുന്നു.

Related posts

മുണ്ടക്കൈ ഉരുൾപൊട്ടൽ: ഡിഎൻഎ പരിശോധന നിർണായകം, കാണാതായവരുടെ പട്ടിക പുതുക്കാനാകുമെന്ന് പ്രതീക്ഷ

Aswathi Kottiyoor

മൂന്നാം മോദി സര്‍ക്കാര്‍ മുസ്ലീം പ്രാതിനിധ്യം പൂര്‍ണമായി ഒഴിവാക്കി,മോദിയുടെ നടപടി ധിക്കാരമെന്ന് കെ സുധാകരന്‍

Aswathi Kottiyoor

വനിതകള്‍ക്കായി സാഹിത്യ കളരി

Aswathi Kottiyoor
WordPress Image Lightbox