മലപ്പുറം: എഡിജിപി അജിത് കുമാറിനെതിരെ ഗുരുതര ആരോപണവുമായി വീണ്ടും പി വി അൻവർ എംഎൽഎ. സോളാർ കേസ് അട്ടിമറിച്ചതിനെക്കുറിച്ച് ഒരു പൊലീസ് ഉദ്യോഗസ്ഥൻ്റെ വെളിപെടുത്തൽ ഓഡിയോ പുറത്തുവിടുന്നു. കേസ് അട്ടിമറിച്ചതിൽ പ്രധാന ഉത്തരവാദി എം ആർ അജിത്ത് കുമാറാണെന്ന് എംഎല്‍എ ആരോപിക്കുന്നു. എം ആർ അജിത്ത് കുമാർ തിരുവനന്തപുരത്ത് വലിയൊരു കൊട്ടാരം പണിയുന്നുണ്ട്. കവടിയാറിൽ 12000/15000 ചതുരശ്ര അടി വിസ്തീർണമുള്ള വീടാണ് അജിത്ത് കുമാർ പണിയുന്നതെന്നും പി വി അൻവർ ആരോപിച്ചു.
പിവി അൻവർ നേരത്തെ ഉയർത്തിയ ആരോപണങ്ങളിൽ പൊതു വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പുതിയ ആരോപണങ്ങൾ. എല്ലാ കാര്യവും ശരിയായ നിലയിൽ സർക്കാർ പരിശോധിക്കുമെന്നും ഒരു മുൻവിധിയും ഉണ്ടാവില്ലെന്നും പിണറായി പറഞ്ഞു. ചില പ്രശ്നങ്ങൾ ഉയർന്നു വന്നിട്ടുണ്ട്. പ്രശ്നങ്ങൾ എല്ലാ ഗൗരവവും നില നിർത്തി തന്നെ ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ അന്വേഷിക്കുമെന്നും പിണറായി പറഞ്ഞു