രാജസ്ഥാനിലെ ഭരത്പൂരിലുള്ള കിയോലാഡിയോ നാഷണൽ പാർക്കിലൂടെ അച്ഛനോടൊപ്പം പ്രഭാത നടത്തത്തിനിടെയാണ് അഞ്ചാം ക്ലാസുകാരി ശ്രേയോവി മേത്ത മനോഹരമായ ഒരു കാഴ്ചകാണുന്നത്. ഉടനെ അച്ഛന്‍റെ കൈയിലിരുന്ന ക്യാമറ വാങ്ങി ആ കൊച്ചു മിടുക്കി താന്‍ കണ്ട കാഴ്ച പകര്‍ത്തി. അവളെ തേടി എത്തിയത് അസൂയാവഹമായ സമ്മാനം. നാച്വറൽ ഹിസ്റ്ററി മ്യൂസിയം നല്‍കുന്ന ബിബിസിയുടെ 2024 ലെ വൈൽഡ് ലൈഫ് ഫോട്ടോഗ്രഫി അവാര്‍ഡ്.
‘ഇൻ ദി സ്‌പോട്ട്‌ലൈറ്റ്’ എന്നായിരുന്നു ആ കൊച്ചു മിടുക്കി തന്‍റെ ചിത്രത്തിന് നല്‍കിയ പേര്. കിയോലാഡിയോ നാഷണൽ പാർക്കില്‍ ആ ഒമ്പത് വയസുകാരി പകര്‍ത്തിയ ചിത്രം ആരുടെയും ശ്രദ്ധപിടിച്ച് പറ്റുന്നതായിരുന്നു. പ്രഭാതത്തിലെ സൂര്യവെളിച്ചത്തില്‍ മരങ്ങളുടെ നിരവധി അടരുകള്‍ തെളിഞ്ഞ് കാണാം. ഫ്രെയിമിന്‍റെ വശങ്ങളില്‍ ഇരുണ്ട മരങ്ങളുടെ നിഴലുകളാണെങ്കില്‍ ചിത്രത്തിന്‍റെ മധ്യഭാഗത്തേക്ക് പോകുമ്പോള്‍ മരങ്ങളുടെ നിഴലുകളുടെ പല അടരുകള്‍ കാണാം. ഒടുവില്‍ വഴിയിലെ ഏറ്റവും തെളിച്ചമുള്ള ഭാഗത്ത് എതിര്‍ വശങ്ങളിലേക്ക് നോക്കി നില്‍ക്കുന്ന രണ്ട് പെണ്‍ മയിലുകള്‍. ഒരു വശത്തായി ഫോട്ടോഗ്രാഫറുടെ നേരെ നോക്കുന്ന ഒരു മാനിനെയും ചിത്രത്തില്‍ കാണാം. ചിത്രം ഒരു സ്വപ്നദൃശ്യത്തിന്‍റെ അനുഭവമാണ് കാഴ്ചക്കാരനില്‍ സൃഷ്ടിക്കുക.