ഇതിനിടെ, സിദ്ദിഖിനെതിരായ ബലാത്സംഗ കേസില്‍ പരാതിക്കാരിയുമായി പ്രത്യേക അന്വേഷണ സംഘം തിരുവനന്തപുരം മാസ്കറ്റ് ഹോട്ടലിലെത്തി തെളിവെടുപ്പ് നടത്തിയിരുന്നു. സിദ്ദിഖ് താമസിച്ച മുറി പരാതിക്കാരി അന്വേഷണ സംഘത്തിന് കാണിച്ചു കൊടുത്തു. സംഭവം നടന്ന 2016 ജനുവരി 28ന് 101 D മുറിയിലാണ് സിദ്ദിഖ് താമസിച്ചതെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു. പരാതിക്കാരിക്കൊപ്പം ഹോട്ടലിലെത്തിയ സുഹൃത്തിൻ്റെ മൊഴിയും രേഖപ്പെടുത്തി. തെളിവെടുപ്പ് പൂര്‍ണമായും വീഡിയോയിൽ ചിത്രീകരിച്ചു.
അതേസമയം, നടനും എംഎല്‍എയുമായ മുകേഷിനെതിരെ തൃശൂർ വടക്കാഞ്ചേരിയിലും കേസ് വന്നിരുന്നു. വടക്കാഞ്ചേരിക്കടുത്തെ ഹോട്ടലിൽ വച്ച് മുകേഷ് അപമര്യാദയായി പെരുമാറി എന്ന പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. 2011 ൽ നടന്ന സംഭവമാണ് കേസിനാസ്പദമായത്. ഭാരതീയ ന്യായ സംഹിത 354,294 ബി വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. മൂന്ന് വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. കേസില്‍ നോട്ടീസ് നൽകി മുകേഷിനെ വിളിപ്പിക്കും. കേസിന്റെ തുടർനടപടികൾ ആലോചിച്ച ശേഷം സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.