കൊച്ചി: മലപ്പുറം എസ് പി ശശിധരനെതിരെ പരാതിയുമായി ബാബുരാജിനെതിരെ ലൈംഗിക പീഡനം ആരോപിച്ച യുവതി രംഗത്ത്. മലപ്പുറം എസ് പി ശശിധരനെതിരെ നടപടി ആവശ്യപ്പെട്ട് എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ യുവതി പരാതി നൽകി. വിവരം നേരത്തെ അറിഞ്ഞിട്ടും ശശിധരൻ കുറ്റം മറച്ചുവെച്ചെന്നാണ് പരാതിയിൽ പറയുന്നത്. കുറ്റകൃത്യം നടന്ന സമയത്ത് കൊച്ചി ഡിസിപി ആയിരുന്ന ശശിധരനോട് പറഞ്ഞിരുന്നതായി യുവതി വ്യക്തമാക്കിയിരുന്നു.
പരാതിയെ പറ്റി തനിക്കറിയാമായിരുന്നുവെന്ന് ഇപ്പോൾ മലപ്പുറം എസ് പി ആയ ശശിധരനും സമ്മതിച്ചിരുന്നു. കുറ്റം അറിഞ്ഞിട്ടും നടപടി എടുക്കുന്നതിൽ വീഴ്ച സംഭവിച്ചതിൽ ക്രിമിനൽ നടപടി എടുക്കണമെന്നാണ് കൊച്ചിയിലെ അഭിഭാഷകനായ അഡ്വ ബൈജു നോയലിൻ്റെ ആവശ്യം. 2019 ൽ ബലാത്സംഗം നടന്നതായാണ് യുവതിയുടെ മൊഴി. പിന്നീട് 2023ൽ ഇക്കാര്യം അന്ന് കൊച്ചി ഡിസിപി ആയിരുന്ന ശശിധരനോട് പറഞ്ഞിരുന്നു എന്നാണ് യുവതിയുടെ മൊഴി.