ദില്ലി: ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് രംഗത്തെ മുന്നേറ്റത്തിനായി കൈകോർത്ത് തമിഴ്നാട് സർക്കാരും ഗൂഗിളും. ഇതിനോടനുബന്ധിച്ച് തമിഴ്നാട്ടില്‍ സർക്കാർ പുതിയ ‘തമിഴ്‌നാട് എഐ ലാബ്‌സ്’ സ്ഥാപിക്കും. ഗൂഗിളിന്‍റെ യുഎസിലെ മൗണ്ടൻ വ്യൂവിലെ ഓഫീസിൽ വെച്ചാണ് തമിഴ്നാട് സർക്കാരും ഗൂഗിളും ചേർന്ന് ഇതിനുള്ള ധാരണാപത്രം ഒപ്പുവെച്ചത്. തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍, വ്യവസായ വകുപ്പ് മന്ത്രി ഡോ. ടിആര്‍ബി രാജ എന്നിവര്‍ ചടങ്ങില്‍ സന്നിധനായിരുന്നു.
തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ യുഎസ് സന്ദർശനത്തിടെ വിവിധ അമേരിക്കന്‍ കമ്പനികളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എഐ സാങ്കേതികവിദ്യ സ്റ്റാർട്ടപ്പുകൾക്കും എംഎസ്എംഇകൾക്കും മറ്റും എത്തിക്കുന്നതുമായി ബന്ധപ്പെട്ടാണ് ഗൂഗിൾ തമിഴ്‌നാട് സർക്കാരുമായി സഹകരിച്ച് പ്രവർത്തിക്കുന്നത്. നാൻ മുതൽവൻ അപ്പ്സ്‌കില്ലിങ് പ്രോഗ്രാമിലൂടെ 20 ലക്ഷം യുവാക്കൾക്ക് പരിശീലനം നൽകാനാകുമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍.
ഇതോടൊപ്പം ഈ മേഖലയിലെ സ്റ്റാർട്ടപ്പുകൾക്ക് മെന്‍റർഷിപ്പും നെറ്റ്‌വര്‍ക്കിംഗ് അവസരങ്ങളും ഗൂഗിള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. ഗൂഗിൾ ക്ലൗഡിന്‍റെ എഐ സാങ്കേതികവിദ്യ ഒരു ഓപ്പൺ നെറ്റ്‌വര്‍ക്ക് മാർക്കറ്റിൽ ഉപയോഗിക്കാൻ എംഎസ്എംഇകൾക്ക് സാധിക്കുമെന്നാണ് നിഗമനം. ചെന്നൈ, മധുരൈ, കോയമ്പത്തൂർ എന്നിവിടങ്ങളിൽ സ്ഥാപനങ്ങൾ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് നോക്കിയ, പേപാൽ, ഇൻഫിനിക്‌സ് തുടങ്ങിയ കമ്പനികളുമായും തമിഴ്‌നാട് വിവിധ കരാറുകളിലെത്തിയിട്ടുണ്ട്. ഗൂഗിളുമായി കരാറിലെത്തിയതില്‍ സന്തോഷമുണ്ടെന്ന് തമിഴ്നാട് വ്യവസായ വകുപ്പ് മന്ത്രി ഡോ. ടിആര്‍ബി രാജ പറഞ്ഞു.