പുഷ്പകൃഷി വ്യാപിപ്പിക്കുന്നതിന് പ്രോത്സാഹനം നൽകും
കൃഷിവകുപ്പ് ഉദ്യോഗസ്ഥരുടെ നിർദ്ദേശങ്ങൾ കൂടി സ്വീകരിച്ചാണ് പുഷ്പകൃഷി വിജയകരമായി ആരംഭിച്ചത്. വിരിഞ്ഞ പൂക്കളുടെ ആദ്യഘട്ടം വിളവെടുപ്പ് ചക്കുപള്ളം പഞ്ചായത്ത് പ്രസിഡന്റ് വി ജെ രാജപ്പൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി ടി മാത്യു, കൃഷി ഓഫീസർ പ്രിൻസി ജോൺ മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. തരിശായി കിടക്കുന്ന കൂടുതൽ സ്ഥലങ്ങൾ കണ്ടെത്തി പുഷ്പകൃഷി നടത്തുന്നതിന് കർഷകർക്ക് പ്രോത്സാഹനം നൽകുമെന്ന് കൃഷിവകുപ്പ് അധികൃതർ അറിയിച്ചു. നല്ല വിലയും വിപണി സാധ്യതയും ഏറെയുള്ളതിനാൽ കർഷകർക്ക് വലിയ പ്രോത്സാഹനം നൽകുമെന്നും കൃഷിവകുപ്പ് അധികൃതർ വിവരിച്ചു.
കാലാവസ്ഥ അനുകൂലം, വിപണി സാധ്യതയുമേറെ. ആവശ്യക്കാർ ഏറെയുള്ളതിനാൽ പ്രാദേശികമായി തന്നെ പൂക്കൾ വിറ്റഴിക്കാനാണ് നീക്കം. കേരളത്തിൽ ആവശ്യമായ പൂക്കൾ തമിഴ്നാട്ടിൽ നിന്നും ഇറക്കുമതി ചെയ്യുക മാത്രമല്ല, അവിടത്തെ ഹെക്ടർ കണക്കിന് സ്ഥലത്തെ പൂപ്പാടങ്ങൾ കണ്ട് ആസ്വദിക്കാനും ഇവിടെ നിന്നും ആളുകൾ പോകാറുണ്ട്. എന്നാൽ നമ്മുടെ കാലാവസ്ഥയിലും പൂക്കൾ നന്നായി വിളയും എന്നതിന്റെ തെളിവാണ് അണക്കര ആക്കിലേട്ട് ജോർജ് ജോസഫിന്റെ ജമന്തി തോട്ടം. പരീക്ഷണാടിസ്ഥാനത്തിൽ 1500 തൈകളാണ് ഇദ്ദേഹം തന്റെ കൃഷിയിടത്തിൽ നട്ടുപിടിപ്പിച്ചത്. പ്രാദേശികമായി വ്യാപാരികൾ പൂക്കൾ വാങ്ങാമെന്ന് സമ്മതിച്ചിട്ടുണ്ട്. അധികമായി പൂക്കൾ ഉണ്ടെങ്കിൽ തമിഴ്നാട്ടിൽ എത്തിച്ചാലും വിപണനം നടത്താൻ കഴിയും.