റിയാദ്: അച്ഛനും അമ്മയും മരിച്ചതിനെതുടർന്ന് തനിച്ചായിപ്പോയ കൊല്ലം, തൃക്കരിവ, കാഞ്ഞാവെളി, മംഗലത്ത് വീട്ടിൽ അരാധ്യ അനൂപിനെ അടുത്തയാഴ്ച നാട്ടിൽ ബന്ധുക്കളുടെ പക്കലെത്തിക്കുമെന്ന് നിലവിൽ കുട്ടിയെ സംരക്ഷിക്കുന്ന ലോകകേരള സഭാംഗം നാസ് വക്കം അറിയിച്ചു. താൻ തനിച്ചായെന്ന് പൂർണമായും മനസിലായിട്ടില്ലാത്ത ഈ അഞ്ചുവയസുകാരി തന്നെ കാണാൻ വരുന്നവരോടെല്ലാം വിശേഷങ്ങൾ പങ്കുവെക്കുന്ന കാഴ്ച ഇവിടെയുള്ള പ്രവാസികളുടെ വേദനയായി മാറുകയാണ്.
നാട്ടിൽ നിന്ന് ഫോണിൽ വിളിക്കുന്ന ബന്ധുക്കളോടെല്ലാം കുട്ടി സംസാരിക്കുന്നുണ്ട്. ആരാധ്യ നൽകിയ വിവരങ്ങളാണ് അനൂപ് മോഹന്‍റെയും ഭാര്യ രമ്യമോൾ വസന്തകുമാരിയുടേയും മരണത്തെക്കുറിച്ച് പോലീസിൻെറ പക്കലുള്ളത്. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭ്യമായാലേ വിവരങ്ങൾക്ക് കൃത്യത ഉണ്ടാവുകയുള്ളു. വ്യാഴാഴ്ച രേഖകൾ ശരിയായെങ്കിലും ദമ്മാം മെഡിക്കൽ കോംപ്ലകസ് മോർച്ചറിയിൽനിന്ന് സ്ഥലപരിമിതികാരണം മൃതദേഹങ്ങൾ ഖത്വീഫ്ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയതിനാൽ പോസ്റ്റുമോർട്ടം നടത്താനായിട്ടില്ല. വരും ദിവസങ്ങളിലേ ഇനി പോസ്റ്റുമോർട്ടം നടക്കുകയുള്ളൂ.
12 വർഷത്തിലധികമായി തുഖ്ബയിൽ വർക്ക്ഷോപ്പ് നടത്തുന്ന അനൂപ് മാസങ്ങൾക്ക് മുമ്പാണ് കുടുംബത്തെ സന്ദർശന വിസയിൽ കൊണ്ടുവന്നത്. ഇവർക്കിടയിൽ ഉണ്ടായ കുടുംബ വഴക്കായിരിക്കാം ഇരുവരുടേയും മരണത്തിലേക്ക് കലാശിച്ചതെന്നാണ് ബന്ധുക്കൾ കരുതുന്നത്. പൊലീസ് അറിയിച്ചതിനെ തുടർന്ന് സ്ഥലത്ത് എത്തിയ സാമൂഹികപ്രവർത്തകൻ നാസ് വക്കവും സുഹൃത്തുക്കളും ഏറെ ശ്രമം നടത്തിയാണ് നാട്ടിലുള്ള ഇവരുടെ കുടുംബങ്ങളെ ബന്ധപ്പെടാനായത്. ഗൂഗിളിൽ തിരഞ്ഞപ്പോൾ ലഭിച്ച തൃക്കരിവ ക്ഷേത്രം ആരാധ്യ തിരിച്ചറിഞ്ഞതിനെത്തുടർന്ന് പരിസരവാസിയെ കണ്ടെത്തുകയും അദ്ദേഹത്തിന് അനൂപിെൻറ ചിത്രം അയച്ച് കൊടുത്ത് കുടുംബത്തെ തിരിച്ചറിയുകയുമായിരുന്നു. അനൂപിെൻറയും രമ്യമോളുടേയും കുടുംബങ്ങൾക്ക് ഈ വാർത്ത അവിശ്വസനീയമായിരുന്നു.
സന്തോഷമായിക്കഴിഞ്ഞിരുന്ന ഇവർക്കിടയിൽ എന്തിെൻറ പേരിലായിരിക്കും തർക്കമുണ്ടായതെന്നറിയാതെ കുഴങ്ങുകയാണ് ബന്ധുക്കൾ. അടുത്ത ദിവസം ആരാധ്യയെ പൊലീസിൽ ഹാജരാക്കുകയും ശേഷം പൊലീസ് നിർദേശാനുസരണം ഇന്ത്യൻ എംബസിയുടെ സഹായത്തോടെ ബന്ധുക്കളുടെ പക്കൽ ഈ കുട്ടിയെ ഏൽപിക്കുകയുമാണ് തെൻറ ദൗത്യമെന്ന് നാസ് വിശദീകരിച്ചു. പോസ്റ്റുമോർട്ടത്തിന് ശേഷം ഇരുവരുടേയും മൃതദേഹങ്ങൾ നാട്ടിലെത്തിക്കുമെന്നും നാസ് കൂട്ടിച്ചേർത്തു.