പാലക്കാട്: മണ്ണാർക്കാട് എടത്തനാട്ടുകര ചിരട്ടക്കുളത്ത് ഏഴു വയസുകാരന് കയർ കഴുത്തിൽ കുരുങ്ങി ദാരുണാന്ത്യം. ചിരട്ടക്കുളം ആലാടിപ്പുറം അനിൽകുമാറിൻ്റെ മകൻ ആദിത്യദേവാണ് മരിച്ചത്. നിലമ്പൂർ സ്വദേശിയാണ് അനിൽകുമാർ. വൈകിട്ട് 6 മണിയോടെയാണ് സംഭവം. ചിരട്ടക്കുളത്തുള്ള അമ്മ വീട്ടിൽ വിരുന്ന് വന്നതായിരുന്നു ആദിത്യ ദേവ്. വീട് പണി നടക്കുന്ന സ്ഥലത്ത് മറ്റ് കുട്ടികൾക്കൊപ്പം കളിക്കുന്നതിനിടെ കയർ കഴുത്തിൽ കുരുങ്ങുകയായിരുന്നു. മൃതദേഹം മണ്ണാർക്കാട് താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.